വനത്തില്‍ ഉപേക്ഷിച്ച നിലയില്‍ കാര്‍; കണ്ടെത്തിയത് 52 കിലോഗ്രാം സ്വര്‍ണവും 10 കോടി രൂപയും

മധ്യപ്രദേശില്‍ വനത്തില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ കാറില്‍ 52 കിലോഗ്രാം സ്വര്‍ണവും 10 കോടി രൂപയും. മെന്‍ഡോരിയിലെ രത്തിബാദ് വനത്തിലാണ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കാര്‍ കണ്ടെത്തിയത്. ഭോപ്പാല്‍ പൊലീസും ആദായ നികുതി വകുപ്പും സംയുക്തമായി നടത്തിയ തിരച്ചിലിലാണ് സ്വര്‍ണവും പണവും കണ്ടെത്തിയത്.

എന്നാല്‍ വാഹനം വനത്തില്‍ ഉപേക്ഷിച്ചത് ആരാണെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. കാറിനുള്ളില്‍ കണ്ടെത്തിയ സ്വര്‍ണത്തിന് ഏകദേശം 42 കോടി രൂപ മൂല്യമുണ്ട്. വനത്തിനുള്ളില്‍ ഉപേക്ഷിച്ച നിലയില്‍ കാര്‍ കണ്ടെത്തിയെന്ന വിവരം ലഭിച്ചതിന് പിന്നാലെയാണ് പൊലീസും ആദായനികുതി വകുപ്പും സ്ഥലത്തെത്തി പരിശോധന നടത്തിയത്.

കാര്‍ പരിശോധിക്കുമ്പോള്‍ ഉള്ളില്‍ ഏഴ് ബാഗുകള്‍ കണ്ടെത്തുകയായിരുന്നു. കാര്‍ തുറന്ന് ഈ ബാഗുകള്‍ പരിശോധിച്ചപ്പോഴാണ് സ്വര്‍ണവും പണവും കണ്ടെത്തിയത്. ഭോപ്പാലില്‍ താമസിക്കുന്ന ഗ്വാളിയര്‍ സ്വദേശി ചേതന്‍ സിംഗിന്റെ ഉടമസ്ഥതയിലുള്ളതാണ് കാര്‍.