അണ്ണാ സർവകലാശാല ക്യാമ്പസിലെ ബലാത്സംഗ കേസിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. പ്രതി വിദ്യാർത്ഥിനിയെ പീഡിപ്പിച്ചത് ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ചാണെന്നും സംഭവ ദിവസം ഇയാൾ മറ്റൊരു പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതായും സൂചനയുണ്ടെന്നും പൊലീസ് എഫ്ഐആറിൽ പറയുന്നു. ക്രിസ്മസ് അവധിക്ക് നാട്ടിൽ പോകരുതെന്നും വിളിക്കുമ്പോഴെല്ലാം വരാണെമെന്നും ആവശ്യപ്പെട്ടതിന് ശേഷമാണ് ഇയാൾ പെൺകുട്ടിയെ വിട്ടയച്ചതെന്നും എഫ്ഐആറിലുണ്ട്.
കേസിൽ സർവകലാശാലക്ക് സമീപം വഴിയോരത്ത് ബിരിയാണി വിൽക്കുന്ന കോട്ടൂർ സ്വദേശി ജ്ഞാനശേഖരൻ പിടിയിലായിരുന്നു. ഇയാൾ മുക്കാൽ മണിക്കൂറോളം പെൺകുട്ടിയെ ഉപദ്രവിച്ചെന്നും, ദൃശ്യങ്ങൾ ഫോണിൽ പകർത്തിയെന്നും എഫ്ഐആറിൽ പറയുന്നുണ്ട്. ഫോണിൽ പകർത്തിയ ദൃശ്യങ്ങൾ പെൺകുട്ടിയുടെ അച്ഛന് അയച്ചു കൊടുക്കുമെന്നും ഭീഷണിപ്പെടുത്തി.
അണ്ണാ സർവകലാശാല ക്യാംപസിൽ പുരുഷ സുഹൃത്തിനൊപ്പം നിൽക്കുകയായിരുന്ന രണ്ടാം വർഷ മെക്കാനിക്കൽ എഞ്ചിനീയറിങ് വിദ്യാർത്ഥിനിയായ കന്യാകുമാരി സ്വദേശിയെ ആണ് 37 കാരനായ ജ്ഞാനശേഖരൻ അതിക്രൂരമായി ഉപദ്രവിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തത്. പെൺകുട്ടി സുഹൃത്തായ നാലാം വർഷ വിദ്യാർത്ഥിക്കൊപ്പം നിൽക്കുമ്പോഴാണ് സംഭവം. പ്രതി ഇരുവരുടെയും അടുത്തെത്തുകയും പ്രകോപനമല്ലാതെ ഇരുവരെയും മർദ്ദിക്കയും ചെയ്തു. ഇതോടെ പെൺകുട്ടിയെ തനിച്ചാക്കി ഒപ്പമുണ്ടാരുന്ന സുഹൃത്ത് ഓടി രക്ഷപ്പെട്ടു.
പുരുഷ സുഹൃത്ത് പേടിച്ച് ഓടിപ്പോയതിനു പിന്നാലെയാണ് പ്രതി വിദ്യാർത്ഥിനിയെ പീഡിപ്പിച്ചത്. സർവകലാശാല ലാബിനു പിന്നിലുള്ള ആളൊഴിഞ്ഞ റോഡിലേക്ക് പെൺകുട്ടിയെ എത്തിച്ചാണ് പീഡനം നടത്തിയത്. തന്നോടൊപ്പവും, അതിക്രമത്തിന് തൊട്ടുമുൻപ് തന്നെ ഫോണിൽ വിളിച്ച വ്യക്തിക്കൊപ്പവും സമയം ചിലവിടണമെന്ന് ഇയാൾ പെൺകുട്ടിയോട് ആവശ്യപ്പെട്ടെന്നും എഫ്ഐആറിൽ പറയുന്നു. ഫോൺ ചെയ്ത വ്യക്തിയെ പ്രതി സാർ എന്ന് വിളിച്ചെന്നും പെൺകുട്ടിയെ ഉടൻ വിട്ടയാക്കാമെന്ന് ഉറപ്പുനൽകിയെന്നും പൊലീസിന് ലഭിച്ച പരാതിയിൽ പറയുന്നുണ്ട്. അതിനു ശേഷം മുക്കാൽ മണിക്കൂറോളം ഇയാൾ പെൺകുട്ടിയെ ഉപദ്രവിച്ചതായും എഫ്‌ഐആറിൽ പറയുന്നു.