നാല് കുഞ്ഞുങ്ങളെ കനാലിലേക്കെറിഞ്ഞ ശേഷം യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു; മൃതദേഹങ്ങള്‍ക്കായുള്ള തിരച്ചില്‍ തുടരുന്നു

കര്‍ണാടകയില്‍ നാല് കുഞ്ഞുങ്ങളെ കനാലിലേക്കെറിഞ്ഞ ശേഷം യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു. കര്‍ണാടക വിജയപുരയിലെ നിദഗുണ്ഡി താലൂക്കില്‍ തിങ്കളാഴ്ചയാണ് സംഭവം നടന്നത്. ഇതില്‍ രണ്ട് കുട്ടികളുടെ മൃതദേഹം കണ്ടെത്തിയിട്ടുണ്ട്. കനാലിലേക്ക് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതിയെ മത്സ്യത്തൊഴിലാളി രക്ഷപ്പെടുത്തിയിരുന്നു.

തെലഗി സ്വദേശിയായ നിംഗരാജു ഭജന്‍ത്രി എന്നയാളുടെ ഭാര്യ ഭാഗ്യശ്രീ ഭജന്‍ത്രി ആണ് നാല് കുട്ടികളെ കനാലിലേക്ക് വലിച്ചെറിഞ്ഞ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ചത്. അഞ്ച് വയസുകാരിയായ തനുശ്രീ, മൂന്ന് വയസ്സുള്ള സുരക്ഷ എന്നിവരുടെ മൃതദേഹങ്ങളാണ് നിലവില്‍ കണ്ടെത്തിയിട്ടുള്ളത്. 13 മാസം പ്രായമുള്ള ഇരട്ടകളായ ആണ്‍കുട്ടികള്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്.

നിംഗരാജു ഭജന്‍ത്രി വലിയ തുക ലോണെടുത്തിരുന്നു. ബാധ്യത തീര്‍ക്കാന്‍ കുടുംബസ്വത്ത് തനിക്കും സഹോദരന്മാര്‍ക്കും വീതിച്ചുനല്‍കാന്‍ ഇയാള്‍ തന്റെ പിതാവിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, പിതാവ് ഇതിനെ എതിര്‍ത്തു. തുടര്‍ന്ന് ഇയാള്‍ ഇത് സംബന്ധിച്ച് ഭാര്യയെ കുറ്റപ്പെടുത്തല്‍ പതിവായിരുന്നു.

ഇതിനിടെ ഇവര്‍ കുടുംബസമേതം ബൈക്കില്‍ ക്ഷേത്രത്തിലേക്ക് പോയി. വഴിയില്‍ ബൈക്കില്‍ ഇന്ധനം തീര്‍ന്നു. നിംഗരാജു ഭജന്‍ത്രി ഭാര്യയോടും മക്കളോടും കനാലിന് സമീപം നില്‍ക്കാന്‍ ആവശ്യപ്പെട്ട് പെട്രോള്‍ വാങ്ങാന്‍ പോയി. എന്നാല്‍ തിരിച്ചെത്തിയപ്പോഴേക്കും ഭാഗ്യശ്രീ നാല് കുട്ടികളെയും കനാലിലേക്ക് വലിച്ചെറിഞ്ഞ ശേഷം സ്വയം എടുത്തുചാടുകയും ചെയ്തിരുന്നു.