അണ്ണാ ഡിഎംകെയുമായി ബിജെപി സഖ്യം പ്രഖ്യാപിച്ചതോടെ വെട്ടിലായ എസ്ഡിപിഐ,
തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനുമായി കൂടിക്കാഴ്ച്ച നടത്തി. എസ്ഡിപിഐ തമിഴ്നാട് സംസ്ഥാന പ്രസിഡന്റ് നെല്ലൈ മുബാറക്ക് അടക്കമുള്ള നേതാക്കളാണ് ചെന്നൈയിലെ ഡിഎംകെയുടെ ആസ്ഥാനത്തെത്തി സ്റ്റാലിനെ കണ്ടത്. സ്റ്റാലിനും ഡിഎംകെ എംപിയായ ഡി രാജയും ചേര്‍ന്ന് എസ്ഡിപിഐ നേതാക്കളെ സ്വീകരിച്ചു.
അണ്ണാ ഡിഎംകെയുമായി തമിഴ്‌നാട്ടില്‍ സഖ്യത്തിലുള്ള പാര്‍ട്ടിയാണ് എസ്ഡിപിഐ. ബിജെപിയുമായി സഖ്യം പ്രഖ്യാപിച്ചതോടെ മുന്നണിയില്‍ വെട്ടിലായിരിക്കുകയാണ് എസ്ഡിപിഐ. എന്‍ഡിഎ സഖ്യം വിടുമോ എന്ന കാര്യത്തില്‍ പ്രതികരിക്കാന്‍ ഇന്നലെയും എസ്ഡിപിഐ നേതാക്കള്‍ തയാറായില്ല.
എഐഎഡിഎംകെ, ബിജെപിയുമായി സഖ്യമുണ്ടാക്കുകയാണെങ്കില്‍ എന്തായിരിക്കും പാര്‍ട്ടിയുടെ നിലപാടെന്ന് മാധ്യമപ്രവര്‍ത്തകര്‍ നെല്ലൈ മുബാറക്കിനോട് ചോദിച്ചിരുന്നു. ഇവിടെ മുഖ്യമന്ത്രിയോട് നന്ദി പറയാന്‍ മാത്രമാണ് വന്നിരിക്കുന്നത്. തമിഴ്നാട്ടിലെ രാഷ്ട്രീയ സാഹചര്യം പരിഗണിച്ച ശേഷം കാര്യങ്ങള്‍ മാധ്യമപ്രവര്‍ത്തകരെ അറിയിക്കാമെന്ന് പറഞ്ഞ് അദേഹം കൈയൊഴിയുകയായിരുന്നു.
എഐഡിഎംകെയെ എന്‍ഡിഎ മുന്നണിയിലെത്തിച്ചാണ് ബിജെപി വീണ്ടും തമിഴ്നാട്ടില്‍ കളംപിടിക്കാന്‍ നോക്കുന്നത്. 2026ലെ തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പില്‍ എഐഡിഎംകെ എന്‍ഡിഎ സഖ്യത്തില്‍ മത്സരിക്കും.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാണ് എഐഡിഎംകെ വീണ്ടും എന്‍ഡിഎയില്‍ എത്തുന്ന കാര്യം പ്രഖ്യാപിച്ചത്. ഇതിനുള്ള പിന്നിലുള്ള വ്യവസ്ഥകളും അദേഹം പത്രസമ്മേളനത്തില്‍ വ്യക്തമാക്കി.
2026ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എ സഖ്യം വിജയിച്ചാല്‍ എടപ്പാടി പളനിസാമിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തിലേറും. ഭരണത്തില്‍ സഖ്യകക്ഷികള്‍ക്ക് പങ്ക് നല്‍കുന്ന കാര്യം പിന്നീട് തീരുമാനിക്കും. ഈ സഖ്യത്തിലൂടെ രണ്ട് കക്ഷികള്‍ക്കും ഗുണമുണ്ടാവും. ബി.ജെ.പിയുമായി സഖ്യമുണ്ടാക്കുന്നതുമായി ബന്ധപ്പെട്ട് അണ്ണാ ഡി.എം.കെ യാതൊരു ഉപാധികളും മുന്നോട്ടുവെച്ചിട്ടില്ല.
അണ്ണാ ഡി.എം.കെയുടെ സംഘടനാതലത്തിലുള്ള പ്രശ്നങ്ങളില്‍ ബി.ജെ.പി ഇടപെടില്ല. പൊതു മിനിമം പരിപാടിയുടെ അടിസ്ഥാനത്തിലാണ് മുന്നണി പ്രവര്‍ത്തിക്കുകയെന്നും ഷാ വ്യക്തമാക്കി.
1998 മുതല്‍ ബി.ജെ.പിയും അണ്ണാ ഡി.എം.കെയും പലപ്പോഴായി സഖ്യം രൂപവത്കരിച്ചിരുന്നു. ഇതൊരു സ്വാഭാവിക സഖ്യമാണ്. വാര്‍ത്തസമ്മേളനത്തില്‍ എടപ്പാടി പളനിസാമി സംസാരിച്ചില്ല.
തമിഴ്നാട് മുന്‍ മുഖ്യമന്ത്രിയും എഐഡിഎംകെ നേതാവ് ഇ. പളനിസ്വാമിയുടെ സാന്നിധ്യത്തിലായിരുന്നു അമിത് ഷായുടെ പ്രഖ്യാപനം. ദേശീയതലത്തില്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലും തമിഴ്നാട്ടില്‍ എടപ്പാടി പളനിസാമിയുടെ നേതൃത്വത്തിലുമാണ് എന്‍.ഡി.എ പ്രവര്‍ത്തിക്കുകയെന്ന് അമിത്ഷാ പ്രസ്താവിച്ചു. ജയലളിതയുടെ കാലം മുതലുള്ളതാണ് സഖ്യം.
Read more
ബി.ജെ.പി നേതാക്കളായ കെ.അണ്ണാമലൈ, നൈനാര്‍ നാഗേന്ദ്രന്‍, അണ്ണാ ഡി.എം.കെ നേതാക്കളായ കെ.പി. മുനുസാമി, എസ്.പി. വേലുമണി എന്നിവരും സംബന്ധിച്ചു. 2023 സെപ്റ്റംബറിലാണ് ബി.ജെ.പിയുമായ സഖ്യം അണ്ണാ ഡി.എം.കെ അവസാനിപ്പിച്ചത്.