'എയർ ഇന്ത്യ വിമാനങ്ങൾ തകർക്കും'; ഭീഷണിയുമായി ഖാലിസ്ഥാൻ ഭീകരൻ, നവംബർ 1 മുതൽ 19 വരെ സര്‍വീസ് നടത്തരുതെന്ന് ഭീഷണി

രാജ്യത്ത് തുടർച്ചയായി വിമാനങ്ങള്‍ക്ക് നേരെ ബോംബ് ഭീഷണി സന്ദേശങ്ങള്‍ എത്തുന്നതിന് പിന്നാലെ എയര്‍ ഇന്ത്യ വിമാനങ്ങള്‍ തകര്‍ക്കുമെന്ന് ഭീഷണിയുമായി ഖാലിസ്ഥാൻ വിഘടനവാദി നേതാവ്. അടുത്ത മാസം ഒന്ന് മുതൽ 19വരെ എയര്‍ ഇന്ത്യ അന്തരാഷ്ട്ര സര്‍വീസ് നടത്തരുതെന്നും നടത്തിയാൽ തകര്‍ക്കുമെന്നുമാണ് ഭീഷണി.

ഖാലിസ്ഥാൻ വിഘടനവാദി നേതാവ് ഗുര്‍പഥ്വന്ത് സിങ് പന്നുവാണ് ഭീഷണി സന്ദേശവുമായി രംഗത്തെത്തിയത്. സംഭവത്തില്‍ ആഭ്യന്തര വകുപ്പ് അന്വേഷണം ആരംഭിച്ചു. അതേസമയം വിമാനങ്ങൾക്ക് നേരെയുള്ള ബോംബ് ഭീഷണി തുടർക്കഥയാവുകയാണ്. ഏഴു ദിവസത്തിനിടെ എഴുപതോളം വ്യാജ ഭീഷണികളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇന്നലെ മാത്രം മുപ്പതോളം വിമാനങ്ങൾക്കാണ് ബോംബ് ഭീഷണികൾ ഉണ്ടായത്.

ഇതോടെ നിരവധി വിമാന സർവീസുകൾ വൈകി യാത്രക്കാർ പ്രതിസന്ധിയിലായി. വിഷയത്തിൽ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്. അന്വേഷണത്തിനായി ഇന്നലെ സമൂഹ മാധ്യമങ്ങളുടെ സഹായം ഡല്‍ഹി പൊലീസ് തേടിയിരുന്നു. വിപിഎൻ, ഡാർക്ക് വെബ് പോലുള്ള സംവിധാനങ്ങൾ ഉപയോഗിച്ചാണ് വ്യാജ ബോംബ് ഭീഷണികൾ പോസ്റ്റ് ചെയ്യുന്നതെന്നാണ് പോലീസ് നിഗമനം.