ഗ്യാൻവാപി ക്ഷേത്ര നിർമ്മാണ കേസിൽ മസ്ജിദ് കമ്മറ്റിക്ക് തിരിച്ചടി, ഹർജികൾ അലഹബാദ് ഹൈക്കോടതി തള്ളി; ഹിന്ദു സംഘടനകളുടെ ഹർജികൾ നിലനിൽക്കും

ഗ്യാൻവാപിയിൽ ക്ഷേത്ര നിർമ്മാണ കേസിൽ ഹിന്ദു സംഘടനകൾക്ക് അനുകൂല വിധിയുമായി അലഹബാദ് ഹൈക്കോടതി. ക്ഷേത്ര നിർമ്മാണത്തിന് എതിരായ പള്ളി കമ്മറ്റിയുടെ ഹർജി അലഹബാദ് ഹൈക്കോടതി തള്ളി. ക്ഷേത്ര നിർമാണത്തിന് അനുമതി തേടാൻ ആരാധനാലയ നിയമം തടസമല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

ഗ്യാൻവാപി പള്ളി പൊളിച്ചുമാറ്റി അവിടെ ക്ഷേത്രം നിർമിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജികളാണ് കോടതി പരിഗണിച്ചിരുന്നത്. പള്ളി പൊളിച്ചുമാറ്റി ക്ഷേത്രം നിർമിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജി നിലനിൽക്കുമെന്ന് കോടതി അറിയിച്ചു. 1991 മുതലുള്ള ഹരജികളാണു കോടതിയുടെ പരിഗണനയിലുണ്ടായിരുന്നത്.

ഇതിൽ നേരത്തെ വിശദമായി വാദം കേട്ടിരുന്നു. ഇതിൽ വിധി പറയാനായി ഇന്നത്തേക്കു മാറ്റിവച്ചതായിരുന്നു. ഇതിൽ പള്ളി കമ്മിറ്റിയും ഉത്തർപ്രദേശിലെ സുന്നി വഖഫ് ബോർഡും ശക്തമായി എതിർത്തിരുന്നു. ഈ എതിർപ്പുകൾ തള്ളിയാണ് ഹർജികൾ നിലനിൽക്കുമെന്ന് അലഹബാദ് ഹൈക്കോടതി വ്യക്തമാക്കിയിരിക്കുന്നത്. ഹരജികൾക്ക് ആരാധനാലയ സംരക്ഷണ നിയമം ബാധകമാകില്ലെന്നു കൂടി കോടതി വ്യക്തമാക്കിയിട്ടുണ്ട്.

ഹർജികളിൽ ആറു മാസത്തിനകം വാദം കേട്ടു തീരുമാനമെടുക്കാൻ വാരണാസി ജില്ലാ കോടതിക്ക് ഹൈക്കോടതി നിർദേശം നൽകിയിട്ടുണ്ട്. ഇതോടൊപ്പം ഗ്യാൻവാപിയിൽ ഇനിയും സർവേ ആവശ്യമാണെങ്കിൽ അതുമായി മുന്നോട്ടുപോകാമെന്നും കോടതി അറിയിച്ചിട്ടുണ്ട്. ഗ്യാൻവാപി പള്ളിയിൽ എഎസ്ഐ നടത്തിയ സർവെയുടെ റിപ്പോർട്ട് ഇന്നലെ കോടതിയിൽ സമർപ്പിച്ചിരുന്നു. സീൽ ചെയ്ത റിപ്പോർട്ടാണ് സമർപ്പിച്ചത്. റിപ്പോർട്ട് ഈ മാസം 21 ന് കോടതി പരിശോധിക്കും.

Read more

ഹിന്ദു ക്ഷേത്രം നിലനിന്ന സ്ഥലത്താണ് പള്ളി നിർമിച്ചതെന്ന് കാട്ടിയാണ് ഹിന്ദു സംഘടനകൾ സർവേ ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. കേടുപാടുണ്ടാകുമെന്നതിനാൽ സർവേ ഒഴിവാക്കണമെന്ന മുസ്‍ലിം വിഭാഗത്തിന്റെ ആവശ്യം അവഗണിച്ചാണ് കോടതി സർവേയ്ക്ക് അനുമതി നൽകിയത്. നൂറിലേറെ ദിവസമെടുത്താണ് പള്ളിയുടെ സർവേ പൂർത്തിയാക്കിയത്.