തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം തെലങ്കാനയിലേക്ക് പണം ഒഴുകുന്നതായി ആരോപണം; കേരളത്തില്‍ നിന്ന് 750 കോടിയുമായെത്തിയ ട്രക്ക് തെലങ്കാന പൊലീസ് പിടികൂടി

നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ തെലങ്കാന പൊലീസ് കനത്ത ജാഗ്രത പുലര്‍ത്തുന്നുണ്ട്. ഇതേ തുടര്‍ന്ന് സംസ്ഥാനത്ത് പൊലീസ് ശക്തമായ പരിശോധന ആരംഭിച്ച് കഴിഞ്ഞു. കഴിഞ്ഞ ദിവസം തെലങ്കാനയിലെ ദേശീയ പാതയില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ കേരളത്തില്‍ നിന്നെത്തിയ ട്രക്കില്‍ നിന്ന് കോടിക്കണക്കിന് രൂപ കണ്ടെത്തിയിരുന്നു. രാത്രി പത്ത് മണിയോടെ ആയിരുന്നു സംഭവം.

പൊലീസ് വിവരം അറിയിച്ചതിനെ തുടര്‍ന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥരും ഉന്നത പൊലീസ് അധികാരികളും സംഭവത്തില്‍ ഇടപെട്ടു. എന്നാല്‍ മണിക്കൂറുകള്‍ക്ക് ശേഷമാണ് കേരളത്തില്‍ നിന്നും ഹൈദരാബാദിലേക്ക് യൂണിയന്‍ ബാങ്കിന്റെ പണവുമായി പോയ വാഹനമാണിതെന്ന് പൊലീസിന് മനസിലായത്. 750 കോടി രൂപയുടെ കറന്‍സിയാണ് വാഹനത്തിലുണ്ടായിരുന്നത്.

Read more

നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം ട്രക്ക് വിട്ട് നല്‍കിയതായി തെലങ്കാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ വികാസ് രാജ് അറിയിച്ചു. പണം യൂണിയന്‍ ബാങ്കിന്റേതാണെന്ന് കണ്ടെത്തിയ ശേഷമാണ് ട്രക്ക് വിട്ട് നല്‍കിയതെന്നും വികാസ് അറിയിച്ചു. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം തെലങ്കാനയിലേക്ക് പണം ഒഴുകുന്നതായി ആരോപണം ഉയര്‍ന്നിരുന്നു. ഇതേ തുടര്‍ന്നാണ് സംസ്ഥാനത്ത് പൊലീസ് പരിശോധന ശക്തമാക്കിയത്.