ജമ്മു കശ്മീർ: അമിത് ഷാ ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായും ഇന്റലിജൻസ് മേധാവിയുമായും ചർച്ച നടത്തി

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവലിനെയും ഇന്റലിജൻസ് ബ്യൂറോ മേധാവിയെയും സന്ദർശിച്ച് ജമ്മു കശ്മീരിലെ സ്ഥിതിഗതികൾ ചർച്ച ചെയ്തു. കശ്മീരിൽ നിയന്ത്രണങ്ങൾ ഘട്ടംഘട്ടമായി നീക്കംചെയ്യുന്ന സാഹചര്യത്തിലായിരുന്നു കൂടിക്കാഴ്ച.

സംസ്ഥാനത്തിന്റെ പ്രത്യേക പദവി നീക്കം ചെയ്യുന്നതിനും, രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കാനുമുള്ള പദ്ധതി കേന്ദ്ര സർക്കാർ പ്രഖ്യാപിക്കുന്നതിനു മുന്നോടിയായി രണ്ടാഴ്ച മുമ്പ് കശ്മീരിൽ വൻ സുരക്ഷാ സന്നാഹം ഒരുക്കുകയും കർഫ്യൂ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഒരു പ്രതിരോധ നടപടി എന്ന നിലയിലാണ് സർക്കാർ ഇതിനെ വിശേഷിപ്പിച്ചിരുന്നത്.

ശ്രീനഗറിൽ ഇന്ന് ഒരു വിഭാഗം സ്കൂളുകളും എല്ലാ സർക്കാർ ഓഫീസുകളും തുറന്നിരുന്നു. കശ്മീർ താഴ്‌വരയിൽ മൂന്നിൽ രണ്ട് ലാൻഡ്‌ലൈനുകളും പുന:സ്ഥാപിച്ചതായും, സുരക്ഷാ സാഹചര്യം അവലോകനം ചെയ്ത ശേഷം മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ തിരിച്ചെത്തുമെന്നും അധികൃതർ പറഞ്ഞു.

Read more

അതേസമയം അറസ്റ്റിലായ മുൻ മുഖ്യമന്ത്രിമാരായ ഒമർ അബ്ദുല്ല, മെഹബൂബ മുഫ്തി എന്നിവർ ഉൾപ്പെടെ നൂറുകണക്കിന് രാഷ്ട്രീയക്കാർ ഇപ്പോഴും കസ്റ്റഡിയിൽ തുടരുകയാണ്. വലിയ ഒത്തുചേരലുകൾ നിരോധിക്കുന്ന  ഉത്തരവുകൾ ഇപ്പോഴും പലയിടത്തും പ്രാബല്യത്തിലുണ്ട്.