അസമില്‍ തന്റെ ജയില്‍ ജീവിതത്തെ കുറിച്ച് വാചാലനായി കോണ്‍ഗ്രസിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രസംഗം. അസമിലെ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കാലത്ത് തനിക്ക് ജയിലില്‍ മര്‍ദ്ദനമേറ്റിട്ടുണ്ടെന്നാണ് അമിത് ഷായുടെ വാക്കുകള്‍. 7 ദിവസം ജയിലില്‍ കിടന്ന കഥ പറഞ്ഞാണ് അസമില്‍ കേന്ദ്രആഭ്യന്തര മന്ത്രി ഇപ്പോഴത്തെ പ്രധാനമന്ത്രിയുടെ കാലത്തെ സുരക്ഷയെ കുറിച്ച് വാചാലനായത്.
അസമിലെ ഡെറാഗണിലെ ലചിത് ബര്‍ഫുക്കന്‍ പോലീസ് അക്കാദമി ഉദ്ഘാടനം ചെയ്യവെയാണ് തന്റെ 7 ദിവസത്തെ ജയില്‍ വാസത്തെ കുറിച്ച് ബിജെപി നേതാവ് അമിത് ഷാ ഓര്‍മ്മിച്ചെടുത്തത്. ഏഴ് ദിവസത്തെ ജയില്‍ വാസത്തില്‍ താന്‍ ജയില്‍ ഭക്ഷണം കഴിച്ചിട്ടുണ്ടെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി പറഞ്ഞു. അസമിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ തന്നെ മര്‍ദ്ദിച്ച കാലത്ത് തങ്ങള്‍ അന്ന് പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയ്‌ക്കെതിരെ മുദ്രാവാക്യം മുഴക്കിയ സമയത്തായിരുന്നുവെന്നും അമിത് ഷാ പറയുന്നു. ഹിതേശ്വര്‍ സൈകിയ ആയിരുന്നു അസം മുഖ്യമന്ത്രിയെന്നും അമിത് ഷാ പറഞ്ഞു. ഹിതേശ്വര്‍ സൈക്കിയ രണ്ടുതവണയാണ് അസം മുഖ്യമന്ത്രിയായിട്ടുള്ളത്, 1983-85, 1991-96 കാലത്താണ് ഹിതേശ്വര്‍ സൈക്കിയ മുഖ്യമന്ത്രിയായിരുന്നത്.
മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിക്കെതിരെ ‘അസം കി ഗലിയാന്‍ സുനി ഹേ, ഇന്ദിരാഗാന്ധി ഖൂനി ഹേ’ എന്ന് ഞങ്ങള്‍ മുദ്രാവാക്യം വിളിക്കാറുണ്ടായിരുന്നു’. അസമിലെ തെരുവുകള്‍ കേള്‍ക്കുന്നുണ്ട്, ഇന്ദിര ഗാന്ധി കൊലയാളിയാണെന്നാണ് ആ മുദ്രാവാക്യത്തിന്റെ പരിഭാഷ.
Read more
അസമിലെ ഗോലാഘട്ട് ജില്ലയില്‍ ലച്ചിത് ബര്‍ഫുകന്റെ പേരിലുള്ള നവീകരിച്ച പോലീസ് അക്കാദമിയുടെ ആദ്യ ഘട്ടം ശനിയാഴ്ച അമിത് ഷാ ഉദ്ഘാടനം ചെയ്യവെയാണ് ജയില്‍ വാസത്തെ കുറിച്ച് പ്രസംഗിച്ചത്. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ, കേന്ദ്രമന്ത്രി സര്‍ബാനന്ദ സോനോവാള്‍ എന്നിവരും ആഭ്യന്തരമന്ത്രിയോടൊപ്പം ഉദ്ഘാടനത്തിന് ഉണ്ടായിരുന്നു. മുഗള്‍ സാമ്രാജ്യത്തിനെതിരേ പോരാട്ടം നടത്തി വിജയിച്ച ധീര പോരാളിയാണ് ബര്‍ഫുക്കന്‍ എന്ന് അമിത് ഷാ ഓര്‍മ്മിപ്പിച്ചു. പോലീസ് അക്കാദമിക്ക് ഈ പേര് നല്‍കിയതിന് മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശര്‍മയ്ക്ക് കേന്ദ്ര ആഭ്യന്തരമന്ത്രി നന്ദിയറിയിക്കുകയും ചെയ്തു. ബര്‍ഫുക്കന്റെ ജീവചരിത്രം അസമില്‍ മാത്രം ഒതുങ്ങിപ്പോകേണ്ടതല്ലെന്നും ഇപ്പോള്‍ 23 ഭാഷകളില്‍ പഠിപ്പിക്കുന്നുണ്ടെന്നും ഇത് വിദ്യാര്‍ഥികളെ പ്രചോദിപ്പിക്കുന്നുവെന്നും അമിത് ഷാ പറഞ്ഞു. വരുന്ന അഞ്ച് വര്‍ഷത്തില്‍ രാജ്യത്തെ ഏറ്റവും മികച്ച പൊലീസ് അക്കാഡമിയായി ബര്‍ഫുക്കാന്‍ അക്കാഡമി മാറുമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി പറഞ്ഞു.