'പൊലീസ് കസ്റ്റഡിയില്‍ മര്‍ദ്ദിക്കരുത്'; കീഴടങ്ങാന്‍ മൂന്ന് നിബന്ധനകള്‍ മുന്നോട്ട് വെച്ച് അമൃത്പാല്‍ സിംഗ്

ഖലിസ്ഥാന്‍ വിഘടനവാദി നേതാവ് അമൃത്പാല്‍ സിങ് കീഴടങ്ങാന്‍ മൂന്ന് നിബന്ധനകള്‍ പോലീസിന് മുന്‍പാകെ വച്ചതായി സൂചന. താന്‍ കീഴടങ്ങിയതാണെന്ന് പോലീസ് വെളിപ്പെടുത്തണം, തന്നെ പഞ്ചാബ് ജയിലില്‍ പാര്‍പ്പിക്കണം, പൊലീസ് കസ്റ്റഡിയില്‍ മര്‍ദ്ദിക്കരുത് തുടങ്ങിയ ആവശ്യങ്ങളാണ് മുന്നോട്ടുവെച്ചതെന്നാണ് വിവരം. കീഴടങ്ങുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ അമൃത്സറിലടക്കം സുരക്ഷ ശക്തമായി തുടരുകയാണ്.

ഒളിവില്‍ തുടരുന്നതിനിടെ അമൃത്പാല്‍ ഇന്നലെ വീഡിയോ സന്ദേശം പുറത്തുവിട്ടിരുന്നു. രണ്ടു മിനിറ്റും 20 സെക്കന്‍ഡും ദൈര്‍ഘ്യമുള്ള വീഡിയോ സന്ദേശത്തില്‍ മുഖ്യമന്ത്രി ഭഗവന്ത് സിങ് മാനിനെയും പഞ്ചാബ് പൊലീസിനെയും അമൃത്പാല്‍ സിങ് വെല്ലുവിളിച്ചു.

സര്‍ക്കാര്‍ നടപടി സിഖ് സമുദായത്തിന് നേരെയുള്ള ആക്രമണമാണ്. സര്‍ക്കാരിനു തന്നെ അറസ്റ്റ് ചെയ്യണമെങ്കില്‍ വീട്ടില്‍ നിന്നാകാമായിരുന്നു. തന്നെ ഉപദ്രവിക്കാന്‍ ആര്‍ക്കുമാകില്ലെന്നും അറസ്റ്റിനെ ഭയക്കുന്നില്ലെന്നും അമൃത്പാല്‍ വീഡിയോയില്‍ വ്യക്തമാക്കി.

അകല്‍ തഖ്ത് തലവന്‍ ഹര്‍പ്രീത് സിങ്ങിനോട് സര്‍ബാത് ഖല്‍സ (യോഗം) വിളിച്ചുകൂട്ടാന്‍ അമൃത്പാല്‍ ആവശ്യപ്പെട്ടു. വിളവെടുപ്പ് ഉത്സവമായ ബൈസാഖി ദിനത്തില്‍ തല്‍വണ്ടി സബോയില്‍ വച്ചാണ് യോഗം ചേരേണ്ടതെന്നും നിര്‍ദേശിച്ചു. ജനങ്ങള്‍ക്കിടയില്‍ സര്‍ക്കാര്‍ ഉണ്ടാക്കിയ ഭീതി തകര്‍ക്കാനാണ് ഈ യോഗമെന്നും അമൃത്പാല്‍ പറഞ്ഞു.