കുപ്‌വാര ജില്ലയിലുണ്ടായ ഏറ്റുമുട്ടലിൽ ഇന്ത്യൻ സൈനികന് വീരമൃത്യു. പാകിസ്ഥാൻ സ്വദേശിയായ ഒരു ഭീകരനെ സൈന്യം വധിച്ചു. ഒരു മേജർ അടക്കം അഞ്ച് ഇന്ത്യൻ സൈനികര്‍ക്ക് ഏറ്റുമുട്ടലിൽ പരിക്കേറ്റു. പാക് ബോർഡർ ആക്ഷൻ ടീമിന്‍റെ ആക്രമണം പരാജയപ്പെടുത്തിയതായും ഇന്ത്യൻ സേന അറിയിച്ചു. നിയന്ത്രണ രേഖക്ക് സമീപം മാചൽ സെക്ടറിലായിരുന്നു ആക്രണം.
കുപ്‌വാരയിലെ ലോലാബ് പ്രദേശത്ത് ഭീകരാക്രമണ സാധ്യതയെക്കുറിച്ചുള്ള വിവരത്തെത്തുടർന്ന് സൈന്യവും പൊലീസും ഏതാനും ദിവസങ്ങൾക്ക് മുമ്പ് തന്നെ തീവ്രവാദ വിരുദ്ധ ഓപ്പറേഷൻ ആരംഭിച്ചിരുന്നു. കുപ്‌വാരയിൽ ഈ ആഴ്ച നടക്കുന്ന രണ്ടാമത്തെ ഏറ്റുമുട്ടലാണിത്. ഇന്ത്യൻ സേനയ്‌ക്കെതിരെ നിയന്ത്രണ രേഖയിൽ പാകിസ്താൻ ബോർഡർ ആക്ഷൻ ടീമാണ് ആദ്യം വെടിയുതിർത്തത്.
നിയന്ത്രണരേഖയിൽ നുഴഞ്ഞുകയറ്റത്തിന് പേരുകേട്ട പാകിസ്താൻ ബോർഡർ ആക്ഷൻ ടീമിൽ പാകിസ്താനിൽ നിന്നുള്ള സൈനിക കമാൻഡോകളും ത്രീവവാദികളുമാണുള്ളത്. പ്രദേശത്ത് പാകിസ്താൻ സൈന്യത്തിന്റെ സഹായത്തോടെ ത്രീവവാദികൾ നുഴഞ്ഞുകയറാൻ ശ്രമിക്കുന്നുണ്ടെന്ന വിവരത്തെ തുടർന്നാണ് സൈന്യം ഓപ്പറേഷൻ നടത്തിയത്. അതേസമയം മേഖലയിൽ ഏറ്റുമുട്ടൽ തുടരുകയാണെന്നും സൈന്യം അറിയിച്ചിട്ടുണ്ട്. ജമ്മു കശ്മീരിലാകെ നിരവധി സൈനികരാണ് കഴിഞ്ഞ രണ്ട് മാസത്തിനിടെ വീരമൃത്യു വരിച്ചത്.