ചിന്നക്കനാലില്‍ നിന്ന് പെരിയാര്‍ വന്യജീവി സങ്കേതത്തിലേക്കു മാറ്റിയ അരിക്കൊമ്പന് തമിഴ്നാട്ടിലെ മേഘമലയില്‍ തന്നെ തുടരുന്നു. ദിവസങ്ങളായി മേഘമലയ്ക്കു സമീപത്തെ മണലാര്‍, ഇറവങ്കലാര്‍ തുടങ്ങിയ മേഖലകളില്‍ ചുറ്റി നടക്കുകയാണ് അരിക്കൊമ്പന്. ആനയെ കേരള വനമേഖലയിലേക്കു തിരിച്ചയയ്ക്കാനുള്ള തമിഴ്നാടിന്റെ ശ്രമം ഇതുവരെ ഫലം കണ്ടിട്ടില്ല.
അതിനിടെ, മേഘമലയിലേക്കു പോകുന്ന ചുരത്തില്‍ അരിക്കൊമ്പന് ബസിനെ ആക്രമിക്കാനായി പാഞ്ഞടുക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. ഇന്നലെ രാത്രി മേഘമലയിലേക്കുള്ള ചുരത്തിലൂടെ ഇറങ്ങി നടന്ന കൊമ്പന് അതുവഴി വന്ന ബസിനു നേരെ പാഞ്ഞടുക്കുകയായിരുന്നു.
മേഘമലയില്‍ ചിന്നക്കനാലിലേതിനു സമാനമായ കാലാവസ്ഥയും ഭൂപ്രകൃതിയുമായതാണ് അരിക്കൊമ്പനെ ആകര്‍ഷിക്കുന്നതെന്നാണു വിലയിരുത്തല്‍. 30 പേരടങ്ങുന്ന ഒരു സംഘം തമിഴ്നാട് വനപാലകര്‍ അരിക്കൊമ്പനെ നിരീക്ഷിക്കുന്നുണ്ട്.
Read more
കാടുമാറ്റത്തിന് പിന്നാലെ മേഘമലയിലെ ജനവാസ മേഖലകളില്‍ അരിക്കൊമ്പന് ഇറങ്ങിയിരുന്നു. ആനയെ കുറിച്ചുള്ള വിവരങ്ങള്‍, റേഡിയോ കോളറില്‍ നിന്നുള്ള വിവരങ്ങള്‍ കേരളം കൈമാറുന്നില്ലെന്നും ആനയെ കണ്ടെത്തുംവരെ നിയന്ത്രണം ശക്തമായിത്തന്നെ തുടരുമെന്നും തമിഴ്നാട് വനംവകുപ്പ് വ്യക്തമാക്കി.