അർണബ് ഗോസ്വാമി മാനേജിംഗ് ഡയറക്ടറും എഡിറ്റർ ഇൻ ചീഫുമായ റിപ്പബ്ലിക് ടി.വിക്കെതിരെ പരാതിയുമായി സി.ഐ.ടി.യു. കോവിഡ് മുന്നണി പോരാളികളെ അപമാനിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി. തിരുവനന്തപുരം ടി.ബി സെന്ററിൽ കോവിഡ് വാക്സിന്‍ ക്യാരിയര്‍ ബോക്സിന്റെ ലോഡ് ഇറക്കുന്നതുമായി ബന്ധപ്പെട്ട് റിപ്പബ്ലിക്ക് ടി.വിയിൽ വന്ന വാര്‍ത്ത അടിസ്ഥാനരഹിതവും വസ്തുതാവിരുദ്ധവുമാണെന്ന് സി.ഐ.ടി.യു ജില്ലാ കമ്മിറ്റി പുറത്തുവിട്ട പ്രസ്താവനയിൽ പറഞ്ഞു. ലോഡ് ഇറക്കാൻ അമിതകൂലി ആവശ്യപ്പെട്ടെന്നും അത് ലഭിക്കാത്തതിനാൽ ലോഡ് ഇറക്കാതെ തൊഴിലാളികൾ അനിശ്ചിതത്വം സൃഷ്ടിച്ചെന്നുമായിരുന്നു റിപ്പബ്ലിക് ടി.വി വാർത്ത നൽകിയത്.
എന്നാൽ, വാർത്തയിൽ പറയുന്നത് പോലെ ഒരു സംഭവം ഉണ്ടായിട്ടില്ലെന്നും വാക്സിനേഷന്‍ ആരംഭിച്ച ശേഷമെത്തുന്ന വാക്‌സിന്‍ ലോഡുകള്‍ ഇപ്പോൾ തൊഴിലാളികള്‍ സൗജന്യമായാണ് ഇറക്കുന്നതെന്നും സി.ഐ.ടി.യു പ്രസ്താവനയിൽ വ്യക്തമാക്കി. കൂലിക്കായി തൊഴിലാളികൾ ആരോടും തർക്കിച്ചിട്ടില്ല. റിപ്പബ്ലിക് ടി.വിയുടെ റിപ്പോർട്ടർ വസ്തുതകൾ വളച്ചൊടിച്ച് റിപ്പോർട്ട് ചെയ്യുകയും അതിലൂടെ കോവിഡ് പ്രതിരോധ സേവനങ്ങളിൽ മുന്‍നിരയില്‍ നിന്ന് പ്രവര്‍ത്തിക്കുന്ന തൊഴിലാളികളെ അപമാനിച്ചുവെന്നും പ്രസ്താവനയില്‍ പറഞ്ഞു.
Read more
കോവിഡിന്റെ ഒന്നാം വ്യാപന സമയത്ത് അഞ്ച് കോടി രൂപയാണ് തൊഴിലാളികള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത്. തൊഴിലാളികളുടെ അദ്ധ്വാനത്തെ അപമാനിക്കുന്ന തരത്തിൽ ഉള്ള ഇത്തരം വാര്‍ത്തകൾ പടച്ചുവിടുന്നത് പ്രതിഷേധാര്‍ഹമാണെന്നും സി.ഐ.ടി.യു പ്രസ്താവനയില്‍ പറഞ്ഞു.