ആധാര്‍ ചോര്‍ച്ച; അറസ്റ്റ് ചെയ്യേണ്ടത് ലേഖികയെ അല്ല, അതോറിറ്റിയെയാണെന്ന് സ്‌നോഡന്‍

ഇന്ത്യയുടെ യുണീക്ക് ഐഡിന്റിഫിക്കേഷന്‍ സംവിധാനമായ ആധാര്‍ ചോര്‍ന്നതില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ വീണ്ടും അമേരിക്കന്‍ വിസില്‍ ബ്ലോവര്‍ എഡ്‌വേര്‍ഡ് സ്‌നോഡന്‍. ആധാര്‍ ചോര്‍ച്ചയെകുറിച്ച് വാര്‍ത്ത നല്‍കിയ ലേഖികയ്‌ക്കെതിരെയല്ല, ആധാര്‍ അതോറിറ്റിക്കെതിരെയാണ് കേസെടുക്കേണ്ടതെന്ന് സ്‌നോഡന്‍ അഭിപ്രായപ്പെട്ടു.

ഇന്ത്യന്‍ ജനതയുടെ സ്വകാര്യതയെ സംബന്ധിക്കുന്ന കാര്യമാണ് ആധാര്‍. ആധാര്‍ ചോര്‍ച്ചയെക്കുറിച്ച് വാര്‍ത്ത നല്‍കിയ ലേഖികയ്‌ക്കെതിരെ അന്വേഷണം നടത്തുകയല്ല, അവാര്‍ഡ് നല്‍കുകയാണ് വേണ്ടത്. കേന്ദ്ര സര്‍ക്കാര്‍ പൂര്‍ണ്ണമായും നിയമത്തിലും നീതിയിലും വിശ്വസിക്കുന്നുവെങ്കില്‍ രാജ്യത്തെ നൂറു കോടിയോളം വരുന്ന ജനതയെ ബാധിക്കുന്ന നിങ്ങളുടെ രാഷ്ട്രീയ തീരുമാനത്തെ തിരുത്താന്‍ തയ്യാറാവണം. നീതിയാണ് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നതെങ്കില്‍ നിങ്ങള്‍ അറസ്റ്റ് ചെയ്യേണ്ടത് യുഐഡിഎഐ ഉദ്യോഗസ്ഥരെയാണ് – സ്‌നോഡന്‍ ട്വിറ്ററില്‍ കുറിച്ചു.

ലോകത്തെ തന്നെ ഏറ്റവും വലിയ ബയോമെട്രിക് തിരിച്ചറിയല്‍ സംവിധാനമാണ് ഇന്ത്യയിലേത്. ഈ സംവിധാനമാണ് ഇപ്പോള്‍ ഏജന്‍സികള്‍ ആവശ്യക്കാര്‍ക്ക് 500 രൂപയ്ക്ക് ചോര്‍ത്തി നല്‍കുന്നുവെന്ന് ദ് ട്രിബ്യൂണ്‍ പത്രത്തിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് കരിനിഴലില്‍ നില്‍ക്കുന്നത്.

എന്നാല്‍ വാര്‍ത്ത നല്‍കിയ ലേഖികയ്‌ക്കെതിരയല്ല , വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയ അജ്ഞാത സംഘത്തിനെതിരെയാണ് കേസെടുത്തിരിക്കുന്നതെന്ന് കേന്ദ്ര സര്‍ക്കാര്‍ പറയുമ്പോഴും ലേഖിക അജ്ഞാത സംഘത്തെ ഉപയോഗിച്ച അനധികൃതമായി വിവരങ്ങള്‍ ചോര്‍ത്തി എന്ന നിലപാടിലാണ് ആധാര്‍ അതോറിറ്റി.

Read more

അതേസമയം, ലേഖികയ്‌ക്കെതിരെ കേസെടുത്ത സര്‍ക്കാര്‍ നടപടി വിദ്വേഷം മൂലമാണെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിക്കുകയും കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.