രാജസ്ഥാൻ കോൺഗ്രസിലെ പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ തനിക്കെതിരെ ഉയർന്ന ആരോപണങ്ങളിൽ പ്രതികരിച്ച് മുഖ്യമന്ത്രി അശോക് ഗലോട്ട്. ബിജെപി നേതാവ് വസുന്ധര രാജ് സിന്ധ്യയുമായി തനിക്ക് ഒരു ബന്ധവുമില്ലെന്ന് ഗലോട്ട് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ഉന്നയിക്കുന്ന ആരോപണങ്ങളെല്ലാം അടിസ്ഥാന രഹിതമാണ്. അത്തരത്തിൽ പ്രചാരണം നടത്തുന്നവർ അപകടകാരികളാണെന്നും ഗലോട്ട് പറഞ്ഞു.
അശോക് ഗലോട്ടും , സച്ചിൻ പൈലറ്റും തമ്മിലുള്ള അഭിപ്രായ ഭിന്നതകളാണ് രാജസ്ഥാനിൽ പാർട്ടിയെ പ്രതിസന്ധിയിലാക്കിയത്. സംസ്ഥാന സർക്കാരിനെ സച്ചിൻ അട്ടിമറിക്കാൻ ശ്രമിച്ചപ്പോൾ തടയാൻ സഹായിച്ചത് വസുന്ധരയായിരുന്നു എന്ന ഗലോട്ടിന്റെ പരാമർശം വിവാദമായിരുന്നു. ഇതിൽ പ്രതികരിച്ച് ഗലോട്ടിനെതിരെ ആരോപണവുമായി സച്ചിൻ പൈലറ്റ് രംഗത്തെത്തുകയായിരുന്നു.
Read more
സോണിയ ഗാന്ധിയല്ല വസുന്ധരയാണ് ഗലോട്ടിന്റെ നേതാവെന്ന് സച്ചിൻ വിമർശിച്ചു. വസുന്ധര രാജെ മുഖ്യമന്ത്രിയായിരിക്കെ നടന്ന അഴിമതിക്കെതിരെ നടപടി വേണമെന്നു വർഷങ്ങളായി ആവശ്യമുന്നയിച്ചിച്ചും ഗലോട്ട് സർക്കാർ നടപടിയെടുത്തില്ലെന്നും സച്ചിൻ പറഞ്ഞിരുന്നു. ഇപ്പോൾ സർക്കാരിനെതിരായി സംസ്ഥാനത്ത് പദയാത്ര നടത്തുകയാണ് സച്ചിൻ. ഈ സാഹചര്യത്തിലാണ് ഗലോട്ടിന്റെ പ്രതികരണം.