കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഉള്‍പ്പെട്ട മുഡ ഭൂമി അഴിമതിക്കേസുമായി ബന്ധപ്പെട്ട് കോടികളുടെ സ്വത്തുക്കള്‍ പിടിച്ചെടുത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. 300 കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കളാണ് ഇഡി കണ്ടുകെട്ടിയത്. റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരായും ഏജന്റുമാരായും പ്രവര്‍ത്തിക്കുന്ന വിവിധ വ്യക്തികളുടെ പേരിലുള്ള സ്വത്തുക്കളാണ് ഇഡി പിടിച്ചെടുത്തത്.
സിദ്ധരാമയ്യയുടെ ഭാര്യ ബി.എം. പാര്‍വതിക്ക് മൈസൂരു നഗര വികസന അതോറിറ്റിയുടെ വിജയനഗര്‍ മൂന്ന്, നാല് സ്റ്റേജുകളിലെ 14 സൈറ്റുകള്‍ അനുവദിച്ചതില്‍ ക്രമക്കേട് സംബന്ധിച്ച ആരോപണം ഉയര്‍ന്നതോടെ മുഖ്യമന്ത്രിയെ വിചാരണ ചെയ്യാന്‍ ഗവര്‍ണര്‍ താവര്‍ ചന്ദ് ഗഹ് ലോട്ട് അനുമതി നല്‍കിയതിനെ തുടര്‍ന്ന് ലോകായുക്ത കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചത്. കേസരെയിലെ സര്‍വേ നമ്ബര്‍ 464 ലെ 3.16 ഏക്കര്‍ ഭൂമിക്ക് പകരമായി 50:50 അനുപാതത്തിലാണ് ഈ സ്ഥലങ്ങള്‍ അനുവദിച്ചത്.
ഈ കേസില്‍ കര്‍ണാടക ലോകായുക്തയെ ചോദ്യം ചെയ്ത സിദ്ധരാമയ്യ, താനോ കുടുംബമോ തെറ്റ് ചെയ്തിട്ടില്ലെന്ന് പറഞ്ഞു. പ്രതിപക്ഷം തന്നെ ഭയക്കുന്നുവെന്നും ഇത് രാഷ്ട്രീയ പ്രേരിത ആരോപണങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.
സിദ്ധരാമയ്യയുടെ ഭാര്യ പാര്‍വതിക്ക് ലഭിച്ച 14 പ്ലോട്ടുകള്‍ നേരത്തേ ‘മുഡ’യ്ക്ക് തിരിച്ചു നല്‍കിയിരുന്നു. മുഡ എറ്റെടുത്ത പാര്‍വതിയുടെ മൂന്നേക്കറിലധികം ഭൂമിക്ക് പകരമായാണ് 14 പ്ലോട്ടുകള്‍ നല്‍കിയത്. ഏറ്റെടുത്ത ഭൂമിക്ക് 3,24,700 രൂപ വിലവരുമ്പോള്‍ നല്‍കിയ ഭൂമിക്ക് 56 കോടി രൂപ വിലവരുമെന്നാണ് ഇഡിയുടെ കണ്ടെത്തല്‍.
Read more
നിയമവിരുദ്ധമായി ഇങ്ങനെ ഭൂമി കൈപ്പറ്റാന്‍ മുഡ മുന്‍ കമ്മിഷണര്‍ ഡിബി. നടേഷിനെ കരുവാക്കിയെന്നും ഇഡി ആരോപിച്ചു. മൈസൂരുവിലെ വിജയനഗറിലാണ് ഭൂമി അനുവദിച്ചത്. മൈസൂരു ലോകായുക്ത പോലീസാണ് സിദ്ധരാമയ്യയെയും പാര്‍വതിയെയും ഉള്‍പ്പെടെ പ്രതികളാക്കി കേസെടുത്ത് അന്വേഷണം നടത്തുന്നത്. ലോകായുക്ത പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിന്റെ അടിസ്ഥാനത്തിലാണ് ഇഡി കേസെടുത്തത്.