ഡല്‍ഹിയില്‍ പ്രതിപക്ഷത്തെ നയിക്കാന്‍ ചരിത്രത്തില്‍ ആദ്യമായി വനിത; പ്രതിപക്ഷ നേതാവായി അതിഷിയെ നിയോഗിച്ച് ആം ആദ്മി

ഡല്‍ഹി നിയമസഭയിലെ പ്രതിപക്ഷ നേതാവായി ആം ആദ്മി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ അതിഷിയെ തെരഞ്ഞെടുത്തു. ആം ആദ്മി പാര്‍ട്ടിയുടെ ദേശീയ കണ്‍വീനര്‍ അരവിന്ദ് കേജരിവാളിന്റെ നേതൃത്വത്തില്‍ നടന്ന എംഎല്‍എമാരുടെ യോഗത്തിലാണ് അതിഷിയെ തെരഞ്ഞെടുത്തത്. പാര്‍ട്ടിയുടെ22 എംഎല്‍എമാരും യോഗത്തില്‍ പങ്കെടുത്തു. ഡല്‍ഹിയുടെ ചരിത്രത്തില്‍ ആദ്യമായാണ് പ്രതിപക്ഷ സ്ഥാനത്ത് ഒരു വനിത എത്തുന്നത്.

ഡല്‍ഹി നിയമസഭയുടെ ആദ്യ സമ്മേളനം ഇന്ന് ആരംഭിക്കും. മൂന്ന് ദിവസത്തെ സമ്മേളനത്തില്‍, മുന്‍ ആം ആദ്മി സര്‍ക്കാരിന്റെ പ്രകടനത്തിനെതിരെയുള്ള സിഎജി റിപ്പോര്‍ട്ടുകള്‍ സഭയില്‍ അവതരിപ്പിക്കുമെന്ന് ഭരണകക്ഷിയായ ബിജെപി സര്‍ക്കാര്‍ അറിയിച്ചു. ഫെബ്രുവരി അഞ്ചിന് നടന്ന തെരഞ്ഞെടുപ്പില്‍ 70 നിയമസഭാ സീറ്റുകളില്‍ 48 എണ്ണം നേടി ബിജെപി ദേശീയ തലസ്ഥാനത്ത് വീണ്ടും അധികാരം പിടിച്ചത്.

Read more

എ.എ.പിയുടെ നേട്ടം 22 സീറ്റുകളില്‍ ഒതുങ്ങിയപ്പോള്‍, കോണ്‍ഗ്രസിന് ഇത്തവണയും ഒരു സീറ്റ്‌പോലും നേടാന്‍ സാധിച്ചില്ല. നീണ്ട 27 വര്‍ഷത്തിന് ശേഷമാണ് ഡല്‍ഹിയില്‍ ബി.ജെ.പി അധികാരം തിരിച്ചുപിടിക്കുന്നത്. അരവിന്ദ് കെജ്രിവാള്‍, മനീഷ് സിസോദിയ അടക്കമുള്ള പാര്‍ട്ടിയുടെ ഉന്നത നേതാക്കള്‍ തെരഞ്ഞെടുപ്പില്‍ ദയനീയ തോല്‍വി ഏറ്റുവാങ്ങി.