മണിപ്പൂരില്‍ മുഖ്യമന്ത്രിയ്ക്ക് നേരെ ആക്രമണം; ആയുധധാരികളുടെ ആക്രമണത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥന് പരിക്ക്

മണിപ്പൂരില്‍ മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിന് നേരെയും ആക്രമണം. തിങ്കളാഴ്ച കിങ്‌പോക്പി ജില്ലയിലാണ് മുഖ്യമന്ത്രി ബീരേന്‍ സിംഗിന്റെ വാഹന വ്യൂഹത്തിന് നേരെ ആക്രമണമുണ്ടായത്. ആയുധധാരികളുടെ സംഘത്തിന്റെ ആക്രമണത്തില്‍ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥന് പരിക്കേറ്റതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ജിരിബം ജില്ലയില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സംഘര്‍ഷം നിലനില്‍ക്കുന്നുണ്ട്. ജൂണ്‍ 6ന് ജില്ലയില്‍ ഒരാള്‍ അജ്ഞാതരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. നിരവധി വീടുകളും സര്‍ക്കാര്‍ ഓഫീസുകളും ആക്രമിക്കപ്പെട്ടു. ആക്രമണം ഭയന്ന് വ്യാപകമായി പ്രദേശവാസികള്‍ പാലായനം ചെയ്തിരുന്നു.

ഈ സാഹചര്യത്തിലാണ് ജിരിബം ജില്ല സന്ദര്‍ശിക്കാന്‍ മുഖ്യമന്ത്രി ബീരേന്‍ സിംഗ് തീരുമാനിച്ചത്. ഇംഫാലില്‍ നിന്ന് ജിരിബം ജില്ലയിലേക്ക് പോകുമ്പോഴായിരുന്നു ആയുധധാരികളുടെ ആക്രമണമുണ്ടായത്. രാവിലെ 10.30ന് ദേശീയപാത 37ല്‍ വച്ചായിരുന്നു ആക്രമണമുണ്ടായത്. അതേസമയം ആക്രമണം അപലപനീയമാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

മണിപ്പൂര്‍ കലാപത്തെ തുടര്‍ന്ന് മുഖ്യമന്ത്രിയ്ക്ക് നേരെ വലിയ ജനരോക്ഷം ഉണ്ടായിരുന്നു. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് മണിപ്പൂരില്‍ വലിയ പ്രതിഷേധങ്ങളും ഉടലെടുത്തിരുന്നു. എന്നാല്‍ പ്രതിഷേധങ്ങളെ തുടര്‍ന്ന് രാജിവയ്ക്കില്ലെന്ന നിലപാടിലായിരുന്നു മുഖ്യമന്ത്രി ബീരേന്‍ സിംഗ്. മണിപ്പൂരിലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ രണ്ട് സീറ്റുകളും കോണ്‍ഗ്രസ് നേടിയിരുന്നു.