ഗംഗാ നദിയില്‍ മൃതദേഹം ഉപേക്ഷിക്കാന്‍ ശ്രമം; ട്രോളി ബാഗുമായി രണ്ട് സ്ത്രീകള്‍ അറസ്റ്റില്‍

പശ്ചിമ ബംഗാളില്‍ മൃതദേഹം ഒളിപ്പിച്ച ട്രോളി ബാഗ് ഗംഗാ നദിയില്‍ ഉപേക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ രണ്ട് സ്ത്രീകള്‍ പിടിയിലായി. ചൊവ്വാഴ്ച രാവിലെ 7.30ന് കൊല്‍ക്കത്തയ്ക്ക് സമീപം കുമാര്‍തുലിയിലാണ് സംഭവം നടന്നത്. പശ്ചിമ ബംഗാള്‍ സ്വദേശികളായ ഫാല്‍ ഗുനി ഘോഷും ഇവരുടെ മാതാവ് ആരതി ഘോഷുമാണ് പിടിയിലായത്.

ഇരുവരും രാവിലെ മൃതദേഹം അടങ്ങിയ ബാഗ്് നദിയില്‍ ഉപേക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്. ഇരുവരും ചേര്‍ന്ന് ഒരു ട്രോളി ബാഗ് കാറില്‍നിന്ന് ഇറക്കുന്നത് സമീപത്തെ നാട്ടുകാരാണ് ആദ്യം കണ്ടത്. എന്നാല്‍ പ്രതികള്‍ക്ക് ഇത് ഉയര്‍ത്താന്‍ സാധിച്ചില്ല. ഇതോടെ സമീപത്ത് യോഗ അഭ്യസിച്ചിരുന്നവരും നാട്ടുകാരും ഇവരുടെ അടുത്തേക്ക് എത്തി.

ബാഗിനുള്ളില്‍ എന്താണെന്ന് അന്വേഷിച്ചതോടെ നായയുടെ ജഡമാണെന്നായിരുന്നു ആദ്യം മറുപടി. ചോദ്യം ആവര്‍ത്തിച്ചപ്പോള്‍ ഭര്‍ത്താവിന്റെ സഹോദരിയുടെ മൃതദേഹമാണിതെന്നും യുവതി ആത്മഹത്യ ചെയ്തതാണെന്നും മറുപടി നല്‍കി. ഇരുവരുടെയും മറുപടി വിശ്വാസത്തിലെടുക്കാത്ത നാട്ടുകാര്‍ വിവരം പൊലീസിനെ അറിയിച്ചു.

Read more

പൊലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് ബാഗിനുള്ളില്‍ രക്തത്തില്‍ കുളിച്ചനിലയില്‍ ഒരു സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്.
ഫാല്‍ഗുനിയുടെ ഭര്‍ത്താവിന്റെ ബന്ധുവായ സുമിതാ ഘോഷിന്റെ മൃതദേഹമാണ് ബാഗിലുണ്ടായിരുന്നതെന്നും പൊലീസ് കണ്ടെത്തി.