ബലാത്സംഗ ശ്രമം; പ്രതിയോട് സ്ത്രീകളുടെ വസ്ത്രങ്ങൾ കഴുകാൻ കോടതി ഉത്തരവ്

ബിഹാറിൽ ഒരു സ്ത്രീയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച പ്രതിക്കെതിരെ വിചിത്രമായ ശിക്ഷയുമായി മധുബനിയിലെ ഒരു കോടതി. പ്രതിക്ക് ജാമ്യം അനുവദിച്ച കോടതി പ്രതിയോട് ഗ്രാമത്തിലെ എല്ലാ സ്ത്രീകളുടെയും വസ്ത്രങ്ങൾ ആറ് മാസത്തോളം അലക്കി ഇസ്തിരിയിടണം എന്ന് ഉത്തരവിട്ടു.

ഇര ഉൾപ്പെടെ എല്ലാ സ്ത്രീകളുടെയും വസ്ത്രങ്ങൾ സൗജന്യമായി കഴുകാമെന്ന വ്യവസ്ഥയിൽ പ്രതിയായ ലാലൻ കുമാർ സാഫിക്ക് ജഞ്ജർപൂർ കോടതിയിലെ എഡിജെ അവിനാഷ് കുമാർ ജാമ്യം അനുവദിച്ചു.

ബലാത്സംഗ ശ്രമത്തിന്റെ പേരിൽ 20 കാരനായ അലക്കുകാരനെ ഏപ്രിലിലിലാണ് കസ്റ്റഡിയിലെടുത്തത്.

പ്രതിക്ക് വെറും 20 വയസ്സു മാത്രമേ പ്രായമുള്ളൂ എന്നും മാപ്പ് നൽകണമെന്നും ആവശ്യപ്പെട്ട് പ്രതിയുടെ അഭിഭാഷകർ വാദിച്ചു. പ്രതി തന്റെ തൊഴിലിലൂടെ സമൂഹത്തെ സേവിക്കാൻ തയ്യാറാണെന്നും അഭിഭാഷകർ പറഞ്ഞു. ചൊവ്വാഴ്ച കോടതി പ്രതിക്ക് ജാമ്യം അനുവദിച്ചു.

തുണി അലക്കുന്നതിനും ഇസ്തിരിയിടുന്നതിനും പുറമേ, 10,000 രൂപ വീതം രണ്ട് ആൾജാമ്യവും നൽകാൻ കോടതി പ്രതിയോട് ആവശ്യപ്പെട്ടു. അതേസമയം, പൊലീസ് കുറ്റപത്രം സമർപ്പിക്കുകയും അന്വേഷണം പൂർത്തിയാക്കുകയും ചെയ്തു. ഒത്തുതീർപ്പിനുള്ള അപേക്ഷയും ഇരുപക്ഷവും തമ്മിൽ കൈമാറി.

ആറുമാസത്തെ സൗജന്യ സേവനത്തിനുശേഷം, ഗ്രാമത്തിലെ സർപ്പഞ്ചോ അല്ലെങ്കിൽ ഏതെങ്കിലും സർക്കാർ ഉദ്യോഗസ്ഥനോ നൽകുന്ന സൗജന്യ സേവനത്തിനുള്ള സർട്ടിഫിക്കറ്റ് പ്രതി കൈമാറണം.

Read more

ജഞ്ജർപൂർ എഡിജെ അവിനാഷ് കുമാറിന്റെ കോടതി ഇത്തരം വിചിത്രമായ വിധികൾ മുൻപും പ്രസ്താവിച്ചിട്ടുണ്ട്. 2021 ഓഗസ്റ്റിൽ, ലോക്ക്ഡൗൺ സമയത്ത് സ്കൂളുകൾ തുറന്നു എന്ന കുറ്റത്തിന് ഒരു അധ്യാപകനോട് ഗ്രാമത്തിലെ കുട്ടികളെ സൗജന്യമായി പഠിപ്പിക്കാൻ ജഡ്ജി ഉത്തരവിട്ടിരുന്നു.