പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധം ശക്തം; മംഗളൂരുവില്‍ യെദ്യൂരപ്പ സന്ദര്‍ശനം നടത്തും

പൊലീസ് വെടിവെയ്പ്പില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ട കര്‍ണാടകയിലെ മംഗളൂരുവില്‍ മുഖ്യമന്ത്രി ബി.എസ് യദ്യൂരപ്പ ഇന്ന് സന്ദര്‍ശനം നടത്തും. പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധം കനക്കുന്നതിനിടെയ്ക്കാണ് യെദ്യൂരപ്പ മംഗളൂരുവില്‍ സന്ദര്‍ശനം നടത്തുന്നത്.

കര്‍ഫ്യൂ നിലനില്‍ക്കുന്ന പ്രദേശത്തെ സുരക്ഷാ ക്രമീകരണങ്ങള്‍ സംബന്ധിച്ച് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി യദ്യൂരപ്പ ചര്‍ച്ച നടത്തും. അതേസമയം പ്രദേശത്തെ മുസ്ലിം സംഘടന പ്രതിനിധികളുമായും കൂടിക്കാഴ്ച നടത്തിയേക്കുമെന്നും സൂചനയുണ്ട്. പൗരത്വ നിയമ ഭേദഗതിയ്‌ക്കെതിരെ പ്രതിഷേധം രൂക്ഷമായ കര്‍ണാടകയില്‍ പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

സംസ്ഥാനത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ച നടപടിയെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചിട്ടുണ്ട്. പൊലീസ് നടപടി മൗലിക അവകാശങ്ങളുടെ ലംഘനമാണെന്നായിരുന്നു കോടതിയുടെ വിമര്‍ശനം. ഇത് നിരോധനാജ്ഞ ലംഘന സമരങ്ങളുടെ ആക്കം കൂട്ടിയേക്കും. പ്രതിഷേധക്കാര്‍ക്കെതിരെ പൊലീസ് മംഗളുരുവില്‍ നടത്തിയ വെടിവെയ്പ്പില്‍ രണ്ട് പേരാണ് മരിച്ചത്.