തിരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ ബിജെപി ദേശീയ ജനറല്‍ സെക്രട്ടറിയെ ഒറ്റുകൊടുത്തത് ദേവേന്ദ്ര ഫഡ്നവിസ് ആണെന്ന് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ദിവസമാണ് വോട്ടര്‍മാര്‍ക്ക് വിതരണം ചെയ്യാനായി എത്തിച്ച അഞ്ച് കോടി രൂപയുമായി ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി വിനോദ് താവ്ഡെ പിടിയിലാകുന്നത്.
ബഹുജന്‍ വികാസ് അഘാഡി പ്രവര്‍ത്തകരാണ് ഹോട്ടലില്‍ നിന്ന് പണവുമായി ബിജെപി ദേശീയ ജനറല്‍ സെക്രട്ടറിയെ പിടികൂടിയത്.പല്‍ഖാര്‍ ജില്ലയിലെ വിരാറിലെ ഹോട്ടലില്‍ നിന്നാണ് വിനോദ് താവ്ഡയെ പിടികൂടിയത്. പണം നല്കാനുള്ളവരുടെ വിവരങ്ങള്‍ ഉള്‍പ്പെടെയുള്ള ഡയറിയും വിനോദ് താവ്ഡയില്‍ നിന്ന് കണ്ടെത്തിയിരുന്നു.
എന്നാല്‍ സംഭവത്തിന് പിന്നില്‍ ദേവേന്ദ്ര ഫഡ്നാവിസിന്റെ കരങ്ങളാണ് പ്രവര്‍ത്തിച്ചതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ദേവേന്ദ്ര ഫഡ്നാവിസും വിനോദ് താവ്ഡെയും തമ്മിലുള്ള ശത്രുതയ്ക്ക് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ബിജെപി പ്രവര്‍ത്തകരാണ് തങ്ങള്‍ക്ക് വിനോദ് താവ്ഡെ പണവുമായെത്തിയെന്ന വിവരം നല്‍കിയതെന്ന് ബഹുജന്‍ വികാസ് അഘാഡി നേതാവ് ഹിതേന്ദ്ര ഠാക്കൂര്‍ പറഞ്ഞിട്ടുണ്ട്.
വിവരം നല്‍കിയത് ദേവേന്ദ്ര ഫഡ്നാവിസ് ആണെന്നാണ് ബിജെപി വൃത്തങ്ങളും സൂചിപ്പിക്കുന്നത്. തിരഞ്ഞെടുപ്പില്‍ ബിജെപി നേതൃത്വംനല്കുന്ന മഹായുതി വിജയിച്ചാല്‍ ദേവേന്ദ്ര ഫഡ്നാവിസ് മുഖ്യമന്ത്രിയാകുമെന്ന് നേരത്തെ പ്രചരണങ്ങളുണ്ടായിരുന്നു. പിന്നാലെ എതിര്‍പ്പുകളെ തുടര്‍ന്ന് പ്രചരണം അവസാനിപ്പിക്കുകയായിരുന്നു.
Read more
ഫഡ്നാവിസിന് അവസരം നഷ്ടപ്പെട്ടാല്‍ വിനോദ് താവ്ഡെയാണ് അടുത്ത സാധ്യത. ഇത് ഒഴിവാക്കാനാണ് ഫഡ്നാവിസ് താവഡെയെ ഒറ്റുകൊടുത്തതെന്നാണ് വിവരം.