ഭഗവത്ഗീതയുടെ 10 കോപ്പികള്‍ വാങ്ങാന്‍ ഹരിയാന സർക്കാർ മുടക്കിയത് 3.8 ലക്ഷം രൂപ

ഹരിയാനയിൽ നടന്ന രാജ്യാന്തര ഗീതാ മഹോത്സവത്തിന് ഭഗവത്ഗീതയുടെ 10 കോപ്പികള്‍ വാങ്ങാന്‍ ബിജെപി സര്‍ക്കാര്‍ ചെലവാക്കിയത് 3.8 ലക്ഷം രൂപ. കൃത്യമായി പറഞ്ഞാൽ 379,500 രൂപ. കൈയെഴുത്ത് പ്രതിയെന്ന് തോന്നും വിധം പ്രത്യേക താളില്‍ അച്ചടിച്ചതിനാലാണ് ഭഗവത്ഗീതയ്ക്ക് ഇത്രയും ഉയര്‍ന്ന വിലയായതെന്നാണ് സർക്കാർ നൽകുന്ന വിശദീകരണം.

ഈ തുകയ്ക്ക് പുറമെ, മഹോത്സവത്തിന് വേദിയില്‍ നൃത്തം അവതരിപ്പിച്ച നടത്തിയ എംപിയും നടിയുമായ ഹേമമാലിനിക്ക് 15 ലക്ഷം രൂപയും ഡെല്‍ഹി ബിജെപി പ്രസിഡണ്ടും കലാകാരനുമായ മനോജ് തീവാരിക്ക് 10 ലക്ഷം രൂപയും നല്‍കി. പങ്കെടുക്കാനെത്തിയ വിശിഷ്ട വ്യക്തികള്‍ക്ക് ഉപഹാരം നല്‍കാനാണ് വിലയേറിയ ഭഗവത്ഗീത വാങ്ങിയത്. മഹോത്സവം നടത്തുന്നതിനോടനുബന്ധിച്ച് കുളവും പരിസരവും വൃത്തിയാക്കിയതിന് 1.11 കോടി രൂപ ചിലവാക്കിയെന്നാണ് കണക്കുകള്‍ വെളിപ്പെടുത്തുന്നത്. തുക ചിലവാക്കിയത് പൊതുജന താല്‍പര്യാര്‍ത്ഥമാണെന്ന് മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാർ പറയുന്നു.

വിവരാവകാശ നിയമപ്രകാരം സമര്‍പ്പിച്ച അപേക്ഷയ്ക്ക് ലഭിച്ച മറുപടിയിലാണ് ഈ കണക്കുകള്‍ പുറത്തായത്. രാഹുല്‍ ഷേരാവത് നല്‍കിയ അപേക്ഷയിലാണ് കുരുക്ഷേത്ര വികസന ബോര്‍ഡ് വിവരങ്ങള്‍ നല്‍കിയത്.