ഭാരത് അരി ഇനി റെയിൽവേ സ്റ്റേഷനുകളിൽ; എല്ലാ ദിവസവും വൈകിട്ട്‌ രണ്ടു മണിക്കൂര്‍ വില്‍പ്പന

രാജ്യത്തെ എല്ലാ റെയിൽവേ സ്റ്റേഷനുകളിലും ഭാരത് അരിയും ഭാരത് ആട്ടയും വിൽപ്പന നടത്താൻ അനുമതി. റെയില്‍വേ സ്റ്റേഷന്‍ വളപ്പിൽ മൊബൈല്‍ വാനുകള്‍ പാര്‍ക്കു ചെയ്ത് വിതരണം ചെയ്യും. എല്ലാ ദിവസവും വൈകിട്ട്‌ രണ്ടു മണിക്കൂര്‍ നേരമായിരിക്കും വില്‍പ്പന. ഭാരത് അരി കിലോയ്ക്ക് 29 രൂപയ്ക്കും ഭാരത് ആട്ട 27.50 രൂപയ്ക്കുമാണ് വില്‍ക്കുന്നത്.

അനായാസം ഭക്ഷ്യവസ്തുക്കള്‍ പൊതുജനങ്ങളിലെത്തിക്കാനുള്ള പൊതുവിതരണ വകുപ്പിന്റെ തീരുമാനത്തിന് റെയില്‍വേ പാസഞ്ചര്‍ മാര്‍ക്കറ്റിങ് എക്‌സിക്യുട്ടീവ് ഡയറക്ടര്‍ അനുമതി നല്‍കുക ആയിരുന്നു. ഇതിനായി പ്രത്യേകം ലൈസന്‍സോ ചാര്‍ജോ റെയില്‍വേ ഈടാക്കില്ല. ഇതിന്റെ ചുമതല അതത് ഡിവിഷണല്‍ ജനറല്‍ മാനേജര്‍ക്കാവും. എവിടെ വാന്‍ പാര്‍ക്കു ചെയ്യണമെന്ന തീരുമാനമെടുക്കേണ്ടതും മാനേജരാണ്.

യാതൊരുവിധ അറിയിപ്പുകളോ വീഡിയോ പ്രദര്‍ശനമോ പാടില്ലെന്നും നിബന്ധനയില്‍ പറയുന്നു. ഭാരത് അരി വില്‍പ്പനയ്ക്ക് കൃത്യമായ ഒരിടമില്ലെന്ന പരാതിക്ക് ഇതിലൂടെ പരിഹാരമാകുമെന്ന് അധികൃതര്‍ പറയുന്നു. അടുത്ത മൂന്നു മാസത്തേക്ക് പരീക്ഷണ അടിസ്ഥാനത്തിലായിരിക്കും പദ്ധതി നടപ്പാക്കുക.