ഭിമാ കൊറേഗാവ് കേസില്‍ യുഎപിഎ ചുമത്തപ്പെട്ട് ജയിലില്‍ കഴിയുന്ന അഭിഭാഷകയും ആക്ടിവിസ്റ്റുമായ സുധ ഭരദ്വാജിന് ജാമ്യം. ബോംബെ ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. സാധാരണ ജാമ്യത്തിന് സുധ ഭരദ്വാജിന് അര്‍ഹതയുണ്ട് എന്നാണ് ഹൈക്കോടതി ഉത്തരവ്. ജാമ്യവ്യവസ്ഥകള്‍ തീരുമാനിക്കാനായി സുധാ ഭരദ്വാജിനെ ഡിസംബര്‍ 8 ന് പ്രത്യേക എന്‍ഐഎ കോടതിയില്‍ ഹാജരാക്കാന്‍ ഹൈകോടതി നിര്‍ദ്ദേശിച്ചു. നിലവില്‍ ഇവര്‍ മുംബൈയിലെ ബൈക്കുള ജയിലിലാണ്.
അതേസമയം കേസില്‍ മറ്റ് എട്ട് പ്രതികള്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ കോടതി തള്ളി. സുധീര്‍ ദവാലെ, മഹേഷ് റൗട്ട്, റോണ വില്‍സണ്‍, വരവര റാവു, സുരേന്ദ്ര ഗാഡ്ലിംഗ്, ഷോമ സെന്‍, വെര്‍നണ്‍ ഗോണ്‍സാല്‍വസ്, അരുണ്‍ ഫെരേര എന്നിവരുടെ ജാമ്യാപേക്ഷയാണ് തള്ളിയത്. ജസ്റ്റിസുമാരായ എസ് എസ് ഷിന്‍ഡെ, എന്‍ ജെ ജമാദാര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ജാമ്യ ഹര്‍ജി പരിഗണിച്ചത്. 2018 ലാണ് കേസുമായി ബന്ധപ്പെട്ട് എല്ലാവരും അറസ്റ്റിലാകുന്നത്.
ഓഗസ്റ്റ് 4-ന് ഭരദ്വാജിന്റെ ജാമ്യാപേക്ഷയും സെപ്റ്റംബര്‍ 1-ന് മറ്റ് എട്ട് പേരുടെ ജാമ്യാപേക്ഷയും വിധി പറയാന്‍ കോടതി മാറ്റിവെച്ചിരുന്നു. തനിക്കെതിരായ കേസ് പരിഗണിച്ച ജഡ്ജിയെ യുഎപിഎ പ്രകാരമുള്ള കേസുകള്‍ കേള്‍ക്കാന്‍ നിയമിച്ചിട്ടില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഭരദ്വാജ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. പൂനെയിലെ വിചാരണ കോടതിയിലെ അഡീഷണല്‍ സെഷന്‍സ് ജഡ്ജി കെ.ഡി വദാനെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് കീഴിൽ ഷെഡ്യൂള്‍ ചെയ്ത കുറ്റകൃത്യങ്ങള്‍ സംബന്ധിച്ച കാര്യങ്ങള്‍ കേള്‍ക്കാന്‍ നിയോഗിച്ചിട്ടില്ല എന്നും എന്‍ഐഎ നിയമപ്രകാരം നിയുക്തമാക്കിയിട്ടുള്ള പ്രത്യേക കോടതിക്ക് മാത്രമേ യുഎപിഎ കുറ്റകൃത്യങ്ങള്‍ ഉള്‍പ്പെട്ട കേസുകള്‍ കൈകാര്യം ചെയ്യാനാകൂ എന്നും ഭരദ്വാജിന്റെ അഭിഭാഷനായ ഡോ യുഗ് മോഹിത് ചൗധരി വാദിച്ചു.
എന്നാല്‍ കേസിന്റെ അന്വേഷണം എന്‍ഐഎക്ക് കൈമാറുന്നതിന് മുമ്പുള്ള നടപടിക്രമങ്ങള്‍ ഒരു സാധാരണ കോടതിയില്‍ തുടരാവുന്നതായിരുന്നു എന്നാണ് സംസ്ഥാന സര്‍ക്കാരിനും പൂനെ പൊലീസിനും വേണ്ടി ഹാജരായ അഡ്വക്കേറ്റ് ജനറല്‍ അശുതോഷ് കുംഭകോണി വാദിച്ചത്. 2020 ഫെബ്രുവരി 12 മുതല്‍ പൂനെ പൊലീസ് കേസ് എന്‍ഐഎയ്ക്ക് കൈമാറിയിട്ടുണ്ട്. പൂനെ സെഷന്‍സ് കോടതി ശരിയായ രീതിയില്‍ അനുവദിച്ച സമയപരിധിക്കുള്ളിലാണ് കുറ്റപത്രം സമര്‍പ്പിച്ചതെന്നും അതിനാല്‍ പ്രതികള്‍ക്ക് ജാമ്യത്തിന് അര്‍ഹതയില്ലെന്നും അദ്ദേഹം പറഞ്ഞു.
Read more
രണ്ടാഴ്ച മുമ്പ് സുധ ഭരധ്വാജിന് സുപ്രീംകോടതി ജാമ്യം നിഷേധിച്ചിരുന്നു. എന്‍ഐഎ അന്വേഷിക്കുന്ന കേസില്‍ ഇടപെടാനാകില്ലെന്നാണ് സുപ്രീംകോടതി വ്യക്തമാക്കിയത്. കേസില്‍ 16 ആക്ടിവിസ്റ്റുകളെയും അക്കാദമിക് വിദഗ്ധരെയും അഭിഭാഷകരെയും പൂനെ പൊലീസും എന്‍ഐഎയും അറസ്റ്റ് ചെയ്തിരുന്നു. ഇവരില്‍ ഏറ്റവും പ്രായം കൂടിയ ഫാദര്‍ സ്റ്റാന്‍ സ്വാമി ഈ വര്‍ഷം ജൂലൈയിലാണ് മരിച്ചത്.