ഭീമാ കൊറേഗാവ് കേസ്: അന്വേഷണം എന്‍.ഐ.എക്ക് കൈമാറി; കേന്ദ്രത്തിന്റെ നടപടി ഭരണഘടനാവിരുദ്ധമെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍

2018 – ലെ ഭീമ കൊറേഗാവ് അക്രമവുമായി ബന്ധപ്പെട്ട കേസുകള്‍ ദേശീയ അന്വേഷണ ഏജന്‍സിക്ക് കൈമാറി. കേസില്‍ ജയിലിലുള്ള മനുഷ്യാവകാശ പ്രവര്‍ത്തകരെ മോചിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ആലോചിക്കുന്നിനിടെയാണ് കേന്ദ്രത്തിന്റെ പുതിയ നീക്കം. അതേസമയം കേന്ദ്രത്തിന്റെ നീക്കത്തെ മഹാരാഷ്ട്ര സര്‍ക്കാര്‍ രൂക്ഷമായി വിമര്‍ശിച്ചു. മഹാരാഷ്ട്ര സര്‍ക്കാരിന്റെ അനുമതിയില്ലാതെയാണ് അന്വേഷണം എന്‍ഐഎയ്ക്ക് കൈമാറിയതെന്ന് സംസ്ഥാന ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖ് പറഞ്ഞു. “”ഇത് ഭരണഘടനയ്ക്ക് വിരുദ്ധമാണ്, ഞാന്‍ ഇതിനെ അപലപിക്കുന്നു,”” അദ്ദേഹം പറഞ്ഞു.

ഭീമാ കൊറേഗാവ് കലാപക്കേസില്‍ അടുത്തതായി എന്ത് ചെയ്യണമെന്ന് തീരുമാനിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പൊലീസ് മേധാവികളുമായി അവലോകന യോഗം നടത്തി 24 മണിക്കൂര്‍ തികയും മുമ്പാണ് കേന്ദ്രത്തിന്റെ പെട്ടെന്നുള്ള നടപടി. മഹാരാഷ്ട്ര ഡെപ്യൂട്ടി മുഖ്യമന്ത്രി അജിത് പവാറിന്റെ സാന്നിദ്ധ്യമില്ലാതെയാണ് അന്വേഷണം എന്‍ഐഎയ്ക്ക് കൈമാറിയതെന്ന് സംസ്ഥാന ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖ് പറഞ്ഞു. ദേശ്മുഖ് വ്യാഴാഴ്ച അവലോകന യോഗം പോലീസ് ഡയറക്ടര്‍ ജനറല്‍ സുബോദ് ജയ്സ്വാള്‍, സംസ്ഥാന ഇന്റലിജന്‍സ് കമ്മീഷണര്‍ രശ്മി ശുക്ല എന്നിവരുമായി ചര്‍ച്ച നടത്തിയിരുന്നു.

ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ അതിന്റെ പ്രത്യയശാസ്ത്രത്തെ എതിര്‍ക്കുന്ന പ്രവര്‍ത്തകരെ ജയിലിലടയ്ക്കുകയും അവരെ “നഗര നക്‌സലുകള്‍” എന്ന് മുദ്രകുത്തുകയും ചെയ്യുന്നെന്ന് വിമര്‍ശനമുണ്ട. .സംസ്ഥാന സര്‍ക്കാരിനെ അറിയിക്കാതെയുള്ള ഈ തീരുമാനത്തിലൂടെ ഭരണഘടനയെ ഒരിക്കല്‍ കൂടി ബിജെപി അപമാനിച്ചെന്ന് ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖ് വിമര്‍ശിച്ചു. ക്രമസമാധാന പാലനം സംസ്ഥാനത്തിന്റെ പരിധിയില്‍ വരുന്ന വിഷയമാണെന്ന് കേന്ദ്രം മറക്കരുതെന്ന് എന്‍സിപി മന്ത്രി ജിതേന്ദ്ര അവദ് പറഞ്ഞു.

Read more

കേന്ദ്രവും സംസ്ഥാന സര്‍ക്കാരും നേര്‍ക്കുനേര്‍ നില്‍ക്കുമ്പോള്‍ കേസ് എന്‍ഐഎയ്ക്ക് വിട്ടത് രണ്ടു കൈയും നീട്ടി സ്വീകരിക്കുകയാണ് ദേവേന്ദ്ര ഫഡ്‌നാവിസ് അടക്കം സംസ്ഥാനത്തെ ബിജെപി നേതൃത്വം. 2017 ഡിസംബര്‍ 31 – ന് പൂനെയ്ക്ക് സമീപം ഭീമാ കൊറേഗാവിലുണ്ടായ ദളിത് മറാത്താ കലാപത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടിരുന്നു. തുടക്കത്തില്‍ ഹിന്ദു സംഘടനാ നേതാക്കളായ മിലിന്ദ് ഏക്‌ബൊടെ,സംഭാജി ബിഡെ എന്നിവര്‍ക്കെതിരെ തുടക്കത്തില്‍ പൊലീസ് കേസെടുത്തതെങ്കിലും പിന്നീട് മാവോയിസ്റ്റ് ബന്ധം ആരോപിച്ച് ഒന്‍പത് മനുഷ്യാവകാശ പ്രവര്‍ത്തകരെയും അറസ്റ്റ് ചെയ്യുകയായിരുന്നു