തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതക്കെതിരെയുള്ള ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈയുടെ പ്രസ്താവന വിവാദത്തില്‍. ജയലളിതയായിരുന്നു തമിഴ്നാട്ടിലെ ഏറ്റവും വലിയ ഹിന്ദുത്വനേതാവ് എന്നാണ് അണ്ണാമലൈ പറഞ്ഞത്. എന്നാല്‍, ഇതിനെതിരെ അണ്ണാ ഡിഎംകെ തന്നെ രംഗത്ത് വന്നിരുന്നു.
അണ്ണാമലൈയുടെ പ്രസ്താവനയ്ക്കെതിരേ അണ്ണാ ഡിഎംകെ മുന്‍ ജനറല്‍ സെക്രട്ടറി വികെ ശശികലയാണ് ആദ്യം രംഗത്തെത്തിയത്. അണ്ണാദുരൈയുടെയും എംജിആറിന്റെ മാര്‍ഗം പിന്തുടര്‍ന്ന മതേതരനേതാവായിരുന്നു ജയലളിതയെന്ന് ശശികല പറഞ്ഞു. അറിവില്ലായ്മകൊണ്ടാണ് അണ്ണാമലൈ ഇത്തരം പ്രസ്താവനകള്‍ നടത്തുന്നതെന്നും ശശികല വ്യക്തമാക്കി.
2014-നുമുമ്പ് ഹൈന്ദവവോട്ടുകള്‍ ഒന്നടങ്കം ജയലളിതയ്ക്ക് ലഭിച്ചത് അവരുടെ ഹിന്ദു അനുകൂല നിലപാടുകളായിരുന്നെന്നാണ് അണ്ണാമലൈ പറഞ്ഞത്.
മതപരിവര്‍ത്തന നിരോധനനിയമം കൊണ്ടുവന്നതിലൂടെയും ക്ഷേത്രങ്ങളുടെ പുനരുദ്ധാരണത്തിനായി കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിച്ചും ഹൈന്ദവവോട്ടുകള്‍ ജയലളിത അണ്ണാ ഡിഎംകെക്ക് അനുകൂലമാക്കി. അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുന്നതിനെ ജയലളിത അനുകൂലിച്ചു. ബിജെപിക്ക് ലഭിക്കേണ്ടിയിരുന്ന വോട്ടുകള്‍ അണ്ണാ ഡിഎംകെയിലേക്ക് പോയത് ജയലളിത ഹിന്ദുത്വ നേതാവായതിനാലാണ്. എന്നാല്‍, ഇക്കുറി അതിന് മാറ്റം വന്നെന്നും അണ്ണാമലൈ പറഞ്ഞു.
Read more
എന്നാല്‍, എല്ലാ മതവിഭാഗങ്ങളെയും ഒരുപോലെകണ്ട നേതാവായിരുന്നു ജയലളിതയെന്നും അനാവശ്യവിവാദങ്ങളിലൂടെ ജനശ്രദ്ധനേടാനാണ് അണ്ണാമലൈ ശ്രമിക്കുന്നതെന്നും അണ്ണാ ഡിഎംകെ നേതാവ് ഡി. ജയകുമാര്‍ പറഞ്ഞു.