ലോക്സഭ തിരഞ്ഞെടുപ്പിന് അനുകൂല സാഹചര്യം സൃഷ്ടിക്കാന്‍ സംസ്ഥാനത്ത് പദയാത്രയ്ക്കൊരുങ്ങി ബിജെപി. ഇരുപത് ലോക്സഭാ മണ്ഡലങ്ങളിലൂടെയുള്ള പദയാത്ര അടുത്തമാസം ആദ്യ ആഴ്ചയോടെ ആരംഭിക്കും. ഇതിന് പുറമേ ക്രൈസ്തവ സഭകളുടെ പിന്തുണ ലക്ഷ്യമാക്കി ഈ മാസം ഭവന സന്ദര്‍ശനങ്ങള്‍ക്കും ബിജെപി നേതൃത്വം പദ്ധതിയിട്ടിട്ടുണ്ട്.
പദയാത്ര ഒരു ലോക്സഭാ മണ്ഡലത്തില്‍ ഒരു ദിവസം എന്ന നിലയിലാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. പാര്‍ട്ടിയ്ക്ക് മുന്‍തൂക്കമുള്ള തിരുവന്തപുരം, ആറ്റിങ്ങല്‍, പത്തനംതിട്ട, മാവേലിക്കര, തൃശ്ശൂര്‍, പാലക്കാട് എന്നിവിടങ്ങളില്‍ രണ്ട ദിവസം ചിലവഴിക്കാനും പദ്ധതിയുണ്ട്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് നയിക്കുന്ന പദയാത്രയില്‍ മണ്ഡലാടിസ്ഥാനത്തില്‍ കേന്ദ്രനേതാക്കള്‍ വിശിഷ്ടാതിഥികളാവും.
വൈകുന്നേരങ്ങളിലാണ് 15 കിലോമീറ്ററോളം നീളുന്ന പദയാത്ര. ഉച്ചവരെ മണ്ഡലത്തിലെ പ്രധാനപ്പെട്ട സ്ഥാപനങ്ങളും കോളനികളുമെല്ലാം സന്ദര്‍ശിക്കാനാണ് പാര്‍ട്ടി തീരുമാനം. ഓരോ മണ്ഡലങ്ങളിലും പതിനായിരത്തിലധികം പേരെ പങ്കെടുപ്പിക്കാനാണ് ആലോചന. പദയാത്ര തലസ്ഥാനത്ത് എത്തുമ്പോഴേക്കും ബിജെപിയുടെ പുതിയ ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടനവും നടക്കും. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മന്ദിരത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കും.
Read more
അതേ സമയം മലയോര-തീരപ്രദേശ മേഖലകളില്‍ ഈ മാസം പ്രാദേശിക സമ്പര്‍ക്കയാത്രകള്‍ നടത്തും. ക്രൈസ്തവ സഭകളുടെ പിന്തുണ നേടുന്നതിനായുള്ള സ്നേഹയാത്രകള്‍ ക്രിസ്മിനോട് അനുബന്ധിച്ച് വീണ്ടും നടത്തും. മണിപ്പൂര്‍ കലാപത്തെ തുടര്‍ന്ന് ക്രൈസ്തവ സഭകള്‍ക്കുള്ള അതൃപ്തി മാറ്റിയെടുക്കുക കൂടിയാണ് ലക്ഷ്യം. സിപിഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും പലസ്തീന് ഐക്യദാര്‍ഢ്യ റാലിയെ രാഷ്ട്രീയ വിഷയമാക്കി മാറ്റാനും ബിജെപി സംസ്ഥാന നേതൃത്വം പദ്ധതിയിടുന്നുണ്ട്.