പെണ്‍കുട്ടിയുടെ ഒറ്റ വാക്ക്, കര്‍ണാടക ആര്‍ടിസികളില്‍ കരിഓയില്‍ ഒഴിച്ചു; മഹാരാഷ്ട്ര ആര്‍ടിസി ഡ്രൈവറുടെ മുഖത്ത് മഷി പുരട്ടി; തമ്മില്‍ തല്ലി ഇരുസംസ്ഥാനങ്ങളും; മുതലാക്കാന്‍ എംഎന്‍എസ്

കന്നഡ-മറാഠി ഭാഷാ തര്‍ക്കവുമായി ബന്ധപ്പെട്ട് അതിര്‍ത്തിജില്ലയായ ബെലഗാവിയിലുണ്ടായ സംഘര്‍ഷാവസ്ഥയ്ക്ക് വീണ്ടും ശക്തി പ്രാപിക്കുന്നു. ബെലഗാവിയില്‍ കര്‍ണാടക ആര്‍ടിസി ബസ് കണ്ടക്ടറെ ആക്രമിച്ച സംഭവത്തെ തുടര്‍ന്ന് ബസ് സര്‍വീസുകള്‍ നിര്‍ത്തിവെച്ചു. കര്‍ണാടകയില്‍നിന്ന് മഹാരാഷ്ട്രയിലേക്കും തിരിച്ചുമുള്ള ബസ് സര്‍വീസുകള്‍ കഴിഞ്ഞ ദിവസം മുതലാണ് നിര്‍ത്തിയിരിക്കുന്നത്.

കര്‍ണാടക ആര്‍ടിസി ബസില്‍ കയറിയ പെണ്‍കുട്ടി ടിക്കറ്റ് വാങ്ങുന്നതിനിടെ കണ്ടക്ടറോട് കന്നഡ സംസാരിക്കാന്‍ ആവശ്യപ്പെട്ടതിനെത്തുടര്‍ന്നുണ്ടായ തര്‍ക്കത്തിലാണ് കണ്ടക്ടര്‍ ആക്രമിക്കപ്പെട്ടത്. കണ്ടക്ടറെ മര്‍ദിച്ച നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

ഇതിനെ തുടര്‍ന്ന്, മഹാരാഷ്ട്ര നവനിര്‍മാണ സേനയുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധത്തിനിടെയായിരുന്നു ബസിന് നേരെ അക്രമം ഉണ്ടായത്. അള്‍ട്ര ലക്ഷുറി ബസാണ് അക്രമത്തിനിരയായത്. ബസിനുമേല്‍ കറുത്തമഷികൊണ്ട് മഹാരാഷ്ട്ര, മറാഠി, മഹാരാഷ്ട്ര നവനിര്‍മാണ സേന എന്നിങ്ങനെ മുദ്രാവാക്യങ്ങളെഴുതി. ഇതോടെ മഹാരാഷ്ട്രയിലേക്കുള്ള സര്‍വീസുകള്‍ കര്‍ണാടക ആര്‍ടിസി പരിമിതപ്പെടുത്തുകയായിരുന്നു.

കഴിഞ്ഞ ദിവസം ചിത്രദുര്‍ഗയില്‍ മഹാരാഷ്ട്ര ആര്‍ടിസി യുടെ ബസ് തടഞ്ഞുനിര്‍ത്തി ഡ്രൈവറുടെ മുഖത്ത് മഷിപുരട്ടിയിരുന്നു. ഇതേത്തുടര്‍ന്ന് ശനിയാഴ്ച വൈകീട്ട് കര്‍ണാടകത്തിലേക്കുള്ള മഹാരാഷ്ട്ര ആര്‍ടിസി ബസുകള്‍ സര്‍വീസ് നിര്‍ത്തിവെച്ചിരുന്നു.

മൂന്നാംദിവസമാണ് ബസുകളുടെ അന്തസ്സംസ്ഥാന സര്‍വീസുകള്‍ മുടങ്ങുന്നത്. ബസുകള്‍ക്ക് നേരെയുണ്ടായ അക്രമങ്ങളുടെ പശ്ചാത്തലത്തിലാണ് സര്‍വീസുകള്‍ നിര്‍ത്തിവെച്ചത്.

അതിനിടെ, ബെലഗാവിയില്‍ ആക്രമണത്തിനിരയായ നോര്‍ത്ത് വെസ്റ്റ് കര്‍ണാടക ആര്‍.ടി.സി. ബസിന്റെ കണ്ടക്ടറെ കര്‍ണാടക ഗതാഗതമന്ത്രി രാമലിംഗറെഡ്ഡി ആശുപത്രിയില്‍ സന്ദര്‍ശിച്ചു. അക്രമത്തില്‍ ഇയാള്‍ക്ക് സാരമായി പരിക്കേറ്റിരുന്നു. കണ്ടക്ടറെ ആക്രമിച്ചവരുടെ പേരില്‍ ഗുണ്ടാ വകുപ്പ് ചുമത്തുമെന്നും ആഭ്യന്തരമന്ത്രിയുമായി ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്നും രാമലിംഗറെഡ്ഡി പറഞ്ഞു. 90 യാത്രക്കാരുള്ള ബസില്‍ പട്ടാപ്പകല്‍ പെണ്‍കുട്ടിയോട് കണ്ടക്ടര്‍ മോശമായി പെരുമാറുന്നതെങ്ങനെയെന്ന് മന്ത്രി ചോദിച്ചു. പെണ്‍കുട്ടിയുടെ പരാതിക്കുപിന്നില്‍ നിക്ഷിപ്ത താത്പര്യമാണെന്നും ഇരു സംസ്ഥാനങ്ങളും തമ്മിലുള്ള ആക്രമണത്തില്‍ അത് കലാശിച്ചുവെന്നും മന്ത്രി ആരോപിച്ചു.