മുൻ കേന്ദ്രമന്ത്രിയായ സി. എം ഇബ്രാഹിം കോൺഗ്രസ് വിട്ടു

മുതിര്‍ന്ന  നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ സി.എം ഇബ്രാഹിം കോണ്‍ഗ്രസ് വിട്ടു.തനിക്ക് പകരം ബി.കെ ഹരിപ്രസാദിനെ കര്‍ണാടക പ്രതിപക്ഷ നേതാവായി നിയമിച്ച കോണ്‍ഗ്രസ് തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് സി.എം ഇബ്രാഹിം പാര്‍ട്ടി വിട്ടത്. കോണ്‍ഗ്രസ് തന്നെ അവഗണിച്ചുവെന്നും ഇനി പാര്‍ട്ടിയില്‍ നില്‍ക്കുന്നതില്‍ അര്‍ത്ഥമില്ലെന്നും പുതിയ തീരുമാനം ഉടന്‍ പ്രഖ്യാപിക്കുമെന്നും ഇബ്രാഹിം മാധ്യമങ്ങളോട് പ്രതികരിച്ചു.

“എന്നെ സംബന്ധിച്ച് കോണ്‍ഗ്രസ് എന്നത് അടഞ്ഞ അധ്യായമാണ്. സ്വയം നശിച്ചുകൊണ്ടിരിക്കുകയാണ് പാര്‍ട്ടി. ഇന്ദിരാഗാന്ധിയുടേയും നെഹ്‌റുവിന്റേയും കാലത്തൊക്കെ കോണ്‍ഗ്രസ് ഒരു സോഷ്യലിസ്റ്റ് പാര്‍ട്ടിയായിരുന്നു.” എന്നാല്‍ ഇന്ന് പണമില്ലാത്തവര്‍ക്ക് പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കാന്‍ പറ്റാത്ത അവസ്ഥയാണെന്നും സി.എം ഇബ്രാഹിം ചൂണ്ടിക്കാട്ടി.

Read more

2008-ലായിരുന്നു സി.എം ഇബ്രാഹിം ജനതാദള്‍ വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. താന്‍ സിദ്ദരാമയ്ക്ക് വേണ്ടിയായിരുന്നു ജനതാദള്‍ വിട്ടത്. അദ്ദേഹത്തെ മുഖ്യമന്ത്രിയാക്കുന്നതിലും വലിയ പങ്കു വഹിച്ചു. പക്ഷെ തനിക്ക് നേരിടേണ്ടി വന്നത് അവഗണന മാത്രമാണെന്നും സി.എം ഇബ്രാഹിം പ്രതികരിച്ചു. ഇതിനിടെ പാര്‍ട്ടിയിലേക്ക് തിരിച്ച് വന്നാല്‍ ഇരു കയ്യും നീട്ടി സ്വീകരിക്കുമെന്ന് ജെ.ഡി(എസ്)നേതാവ് എച്ച്.ഡി കുമാരസ്വാമി പറഞ്ഞു. ദേവഗൗഡയുമായി വലിയ ആത്മബന്ധമുള്ള നേതാവാണ് സി.എം ഇബ്രാഹിം. അദ്ദേഹം പാര്‍ട്ടിയിലേക്ക് തിരിച്ച് വരുന്നതില്‍ സന്തോഷം മാത്രമേയുള്ളൂവെന്നും എച്ച്.ഡി കുമാരസ്വാമി ചൂണ്ടിക്കാട്ടി.