റദ്ദാക്കിയ യുജിസി നെറ്റ്, സിഎസ്ഐആർ നെറ്റ് പരീക്ഷ തീയതികൾ പ്രഖ്യാപിച്ചു

റദ്ദാക്കിയ ഇത്തവണത്തെ യുജിസി നെറ്റ് ഉൾപ്പെടെയുള്ള പരീക്ഷകളുടെ പുതുക്കിയ തീയതികൾ പ്രഖ്യാപിച്ച് നാഷണൽ ടെസ്റ്റിങ് ഏജൻസി. നേരത്തെ ഓഫ്‌ലൈനായി നടന്ന യുജിസി നെറ്റ് പരീക്ഷ ഓൺലൈനായി നടത്താനാണ് തീരുമാനം. യുജിസി നെറ്റ് പരീക്ഷ 2024 ഓഗസ്റ്റ് 21 മുതൽ സെപ്റ്റംബർ നാലുവരെയും സിഎസ്ഐആർ നെറ്റ് ജൂലൈ 25 മുതൽ 27 വരെയും നടക്കും.

ഇന്നലെ അർധരാത്രിയോടെയാണ് അപ്രതീക്ഷിതമായി തീയതികൾ വെബ്‌സൈറ്റിൽ പ്രത്യക്ഷപ്പെട്ടത്. അതേസമയം, ഓൾ ഇന്ത്യ ആയുഷ് പോസ്റ്റ് ഗ്രാജ്വേറ്റ് എൻട്രൻസ് ടെസ്റ്റ് (AIAPGET) 2024 മുൻകൂട്ടി നിശ്ചയിച്ച പ്രകാരം ജൂലൈ ആറിന് തന്നെ നടക്കുമെന്നും എൻടിഎ അറിയിച്ചു. സമാനമായി ജൂൺ 12 നടക്കേണ്ടിയിരുന്ന, മാറ്റിവച്ച നാല് വർഷത്തെ ഇൻ്റഗ്രേറ്റഡ് ടീച്ചർ എഡ്യൂക്കേഷൻ പ്രോഗ്രാമിന്റെ (ഐടിഇപി) പ്രവേശനത്തിനായുള്ള ദേശീയ പൊതുപ്രവേശന പരീക്ഷ (എൻസിഇടി) ജൂലൈ പത്തിനും നടക്കും.

Read more

നേരത്തെ ചോദ്യപേപ്പർ ചോർച്ച സംശയിച്ച് ജൂൺ 18ന് നടന്ന യുജിസി നെറ്റ് പരീക്ഷ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം റദ്ദാക്കിയിരുന്നു. പരീക്ഷ നടന്ന് അന്നുരാത്രിയായിരുന്നു പരീക്ഷ റദ്ദാക്കിയ വിവരം ഒരു വിജ്ഞാപനത്തിലൂടെ പുറത്തിറക്കിയത്.