കൂടിക്കാഴ്ചയിലേക്ക് ഔദ്യോഗികമായി ക്ഷണിച്ചില്ല; ബ്രിട്ടാസിനോട് മാപ്പ് പറഞ്ഞ് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ

കൂടിക്കാഴ്ചയിലേക്ക് ഔദ്യോഗികമായി ക്ഷണിച്ചില്ലെന്ന ബ്രിട്ടാസിന്റെ പരാമർശത്തിൽ പ്രതികരിച്ച് കേന്ദ്ര  മന്ത്രി അനുരാഗ് ഠാക്കൂർ. കേന്ദ്ര മന്ത്രിയുടെ കേരള സന്ദർശനത്തിനിടെ കോഴിക്കോട് നടത്തിയ വിവാദ കൂടിക്കാഴ്ചയെക്കുറിച്ച് സി.പി.എം പ്രതിനിധി ജോൺ ബ്രിട്ടാസ് രാജ്യസഭയിൽ നടത്തിയ പരാമർശത്തിലാണ് മന്ത്രിയുടെ പ്രതികരണം. ബ്രിട്ടാസിന്റെ പരാമർശത്തിന് മന്ത്രി പരസ്യമായി മാപ്പുപറഞ്ഞു.

കേരളത്തിൽ വന്നപ്പോൾ തന്നെ കണ്ടില്ലെന്നാണ് ജോൺ ബ്രിട്ടാസ് പറഞ്ഞത്. അതിൽ അദ്ദേഹത്തോട് ക്ഷമ ചോദിക്കുകയാണെന്ന് മന്ത്രി അനുരാഗ് ഠാക്കൂർ പറഞ്ഞു. എന്നാൽ, സത്യാവസ്ഥ മറ്റൊന്നാണെന്നും മറ്റു പരിപാടികളുടെ ആധിക്യം മൂലമാണ് കൂടിക്കാഴ്ചയ്ക്ക് സാധിക്കാതിരുന്നതെന്നും മന്ത്രി വിശദീകരിച്ചു. എന്നാൽ, ഒരു വിഭാഗം മാധ്യമങ്ങളെ ഒഴിവാക്കിയതിനെക്കുറിച്ച് അദ്ദേഹം പ്രതികരിച്ചില്ല.

തലേദിവസം തെലങ്കാനയിലെ ഹൈദരാബാദിൽ സമ്മേളനമുണ്ടായിരുന്നു. രാത്രി ഒരു മണിക്കാണ് താൻ ഫ്രീയായത്. പുലർച്ചെ അഞ്ചുമണിയുടെ വിമാനത്തിൽ കോഴിക്കോട്ടേക്ക് പോയി. അവിടെ എത്തിയ ശേഷം ഒരു മാധ്യമസ്ഥാപനത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. അതിനുശേഷം മാധ്യമസ്ഥാപനങ്ങളുടെ തലവന്മാരുമായി മറ്റൊരു കൂടിക്കാഴ്ചയും നടത്തി.

Read more

കായികസംഘങ്ങളുമായും കായികമന്ത്രിയുമായും മേയറുമായും വെവ്വേറെ കൂടിക്കാഴ്ചകൾ നടന്നു. പിന്നീട് ഇൻഡോർ സ്‌റ്റേഡിയത്തിൽ വച്ച് പി.ടി ഉഷയുടെ താരങ്ങളെയും കണ്ടു. അതേദിവസം രാത്രിയിലെ വിമാനത്തിൽ മടങ്ങുകയും ചെയ്തുവെന്നുംഅനുരാഗ് ഠാക്കൂർ കൂട്ടിച്ചേർത്തു. എന്നാൽ, കേരളത്തിൽ വന്നപ്പോൾ തന്നെ കാണാത്തതിൽ തനിക്ക് പരാതിയില്ലെന്നും വസ്തുത മറ്റൊന്നാണെന്നും കാണിച്ച് ബ്രിട്ടാസ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു.