കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ വര്‍ക്ക് ഫ്രം ഹോം സംവിധാനം നിർത്തലാക്കി; ഇന്ന് മുതൽ ഓഫീസില്‍ എത്തണം

കോവിഡിനെ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വര്‍ക്ക് ഫ്രം ഹോം സംവിധാനം നിര്‍ത്തലാക്കിക്കൊണ്ട് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് ഉത്തരവിറക്കി. ഇന്ന് മുതല്‍ ജീവനക്കാര്‍ ഓഫീസില്‍ ഹാജരാകണം എന്നാണ് മന്ത്രി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

രാജ്യത്തെ കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തിലാണ് തീരുമാനം. കോവിഡ് സാഹചര്യം വിലയിരുത്താനായി ഇന്നലെ അവലോകനയോഗം ചേര്‍ന്നിരുന്നു. കേസുകളുടെ എണ്ണത്തിലുണ്ടായ കുറവും പോസിറ്റീവ് നിരക്കിലെ കുറവും കണക്കിലെടുത്ത്, തിങ്കളാഴ്ച മുതല്‍ മുഴുവന്‍ ഓഫീസ് ഹാജര്‍ പുനരാരംഭിക്കാന്‍ തീരുമാനിച്ചു എന്നാണ് യോഗത്തെ തുടര്‍ന്ന് മന്ത്രി പറഞ്ഞത്.

Read more

ജീവനക്കാര്‍ മുന്‍കരുതലുകള്‍ കൃത്യമായി പാലിക്കണം. ഇക്കാര്യം വകുപ്പ് മേധാവികള്‍ ഉറപ്പ് വരുത്തണമെന്നും മന്ത്രി അറിയിച്ചു. അണ്ടര്‍ സെക്രട്ടറിയുടെ തലത്തിന് താഴെയുള്ള 50% ജീവനക്കാര്‍ക്ക് ഫെബ്രുവരി 15 വരെയാണ് സര്‍ക്കാര്‍ വര്‍ക്ക് ഫ്രം ഹോം ഏര്‍പ്പെടുത്തിയിരുന്നത്. കോവിഡ് സാഹചര്യം വിലയിരുത്തിയതിന് ശേഷം വകുപ്പ് മേധാവികളുമായി ചര്‍ച്ച ചെയ്താണ് വര്‍ക്ക് ഫ്രം ഹോം നിര്‍ത്തലാക്കാന്‍ ഉത്തരവിറക്കിയത് എന്നും മന്ത്രി പറഞ്ഞു.