ചൈനീസ് വീഡിയോ ആപ്പായ ടിക് ടോക് നല്‍കിയാല്‍ തീരുവയില്‍ വന്‍ ഇളവ് നല്‍കാമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. നിലവില്‍ ഏകദേശം 17 കോടി ആളുകള്‍ യുഎസില്‍ ടിക് ടോക് ഉപയോഗിക്കുന്നുണ്ട്. സുരക്ഷാ കാരണങ്ങളാല്‍ അമേരിക്കയില്‍ പ്രവര്‍ത്തനം തുടരാന്‍ സാധിക്കില്ലെന്നാണ് യുഎസ് അധികൃതര്‍ ടിക് ടോക്കിന്റെ മാതൃകമ്പനിയായ ബൈറ്റ്ഡാന്‍സിന് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.
ഇതേ തുടര്‍ന്നാണ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ടിക് ടോക് ചൈനക്ക് പുറത്തുള്ള ഒരു കമ്പനിക്ക് വില്‍ക്കാന്‍ ആവശ്യപ്പെട്ടത്. ഏപ്രില്‍ 5 വരെയാണ് ഇതിനായി ട്രംപ് സമയം അനുവദിച്ചിരിക്കുന്നത്. ഇതിന് പ്രത്യുപകാരമായി താരിഫ് നിരക്കുകളില്‍ ഇളവ് നല്‍കാമെന്നാണ് വാഗ്ദാനം. അതേസമയം അനുവദിച്ച സമയപരിധി നീട്ടി നല്‍കാനും സാധ്യതയുണ്ട്.
ഇതിന് പിന്നാലെ പ്രമുഖ അമേരിക്കന്‍ കമ്പനികള്‍ ടിക് ടോക്കിന്റെ ചൈനക്ക് പുറത്തുള്ള ആപ്പിന്റെ പ്രവര്‍ത്തനം ഏറ്റെടുക്കാന്‍ തിടുക്കപ്പെടുന്നുണ്ട്. ഇ-കൊമേഴ്സ് വെബ്‌സൈറ്റായ ആമസോണ്‍, അഡല്‍റ്റ് കണ്ടന്റ് പ്ലാറ്റ്‌ഫോമായ ഒണ്‍ലിഫാന്‍സ് സ്ഥാപകന്‍ ടിം സ്റ്റോക്കലി, ടെക്‌നോളജി കമ്പനിയായ ആപ്ലവിന്‍ തുടങ്ങിയ കമ്പനികളെല്ലാം ടിക് ടോക്കിനായി രംഗത്തുണ്ട്.
ചൈനീസ് ആപ്പ് രാജ്യസുരക്ഷയ്ക്ക് ഭീഷണി ഉയര്‍ത്തുന്നുവെന്നാണ് യുഎസ് അധികൃതരുടെ വാദം. അതേസമയം പൗരന്മാര്‍ക്ക് വിദേശ മാധ്യമങ്ങള്‍ ഉപയോഗിക്കാനുള്ള അവകാശം നിഷേധിക്കുന്നത് അമേരിക്കന്‍ ഭരണഘടനയിലെ ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്റെ ലംഘനമാണെന്നാണ് ടിക് ടോക്കിന്റെ വാദം.
Read more
എന്നാല്‍ ഇന്ത്യയിലും ടിക് ടോക് തിരികെ വരുമോ എന്നതാണ് നെറ്റിസണ്‍സിന്റെ ചോദ്യം. ചൈനയുമായുള്ള ബന്ധം വഷളായതിനെ തുടര്‍ന്ന് 2020ലാണ് ഇന്ത്യ 59 ചൈനീസ് ആപ്പുകള്‍ക്കൊപ്പം ടിക്ടോകും നിരോധിച്ചത്. അമേരിക്കന്‍ കമ്പനി ടിക് ടോക് ഏറ്റെടുത്താല്‍ ഇന്ത്യയിലേക്കും ആപ്പ് തിരികെ എത്തുമെന്ന പ്രതീക്ഷയിലാണ് നെറ്റിസണ്‍സ്.