ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ചെയര്‍മാന്‍; വീണ്ടും പദവി ഏറ്റെടുത്ത് സാം പിത്രോദ

വംശീയ പരാമര്‍ശം വിവാദമായതിന് പിന്നാലെ രാജിവച്ച ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ചെയര്‍മാന്‍ സാം പിത്രോദ വീണ്ടും ചെയര്‍മാന്‍ സ്ഥാനത്തേക്ക്. കഴിഞ്ഞ മെയ് 8ന് ആയിരുന്നു വിവാദ പരാമര്‍ശങ്ങള്‍ക്ക് പിന്നാലെ സാം പിത്രോദ രാജിവച്ചത്. ലോക്‌സഭ തിരഞ്ഞെടുപ്പിലെ ഇന്ത്യ സഖ്യത്തിന്റെ മികച്ച പ്രകടനത്തിന് പിന്നാലെ പിത്രോദയെ കോണ്‍ഗ്രസ് വീണ്ടും ചെയര്‍മാന്‍ സ്ഥാനത്ത് നിയമിക്കുകയായിരുന്നു.

തിരഞ്ഞെടുപ്പ് കാലത്തെ പിത്രോദയുടെ വിവാദ പരാമര്‍ശങ്ങള്‍ ബിജെപി വലിയ രീതിയില്‍ തിരഞ്ഞെടുപ്പ് ആയുധമാക്കിയിരുന്നു. തെക്കേ ഇന്ത്യക്കാര്‍ ആഫ്രിക്കന്‍ വംശജരെ പോലെയാണെന്നും വടക്ക്-കിഴക്കന്‍ മേഖലയിലുള്ളവര്‍ ചൈനാക്കാരെ പോലെയാണെന്നും പറഞ്ഞ പിത്രോദ പടിഞ്ഞാറുള്ളവര്‍ അറബികളെ പോലെയും വടക്കുള്ളവര്‍ യൂറോപ്യന്‍സിന് സമാനമാണെന്നുമായിരുന്നു പിത്രോദയുടെ പരാമര്‍ശം.

ഒരു അഭിമുഖത്തിനിടയില്‍ പിത്രോദ രാജ്യത്തിന്റെ വൈവിധ്യങ്ങളെ സൂചിപ്പിക്കാന്‍ പ്രതിപാദിച്ച വാക്കുകള്‍ പിന്നീട് ബിജെപി രാഷ്ട്രീയ ആയുധമാക്കി മാറ്റുകയായിരുന്നു. കോണ്‍ഗ്രസ് ദേശീയ നേതൃത്വം ഉള്‍പ്പെടെ പിത്രോദയെ തള്ളിപ്പറയുകയും ചെയ്തിരുന്നു. കോണ്‍ഗ്രസ് നേതാവ് ജയറാം രമേശും അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും അന്ന് പിത്രോദയെ തള്ളിപ്പറഞ്ഞിരുന്നു.

സംഭവത്തിന് പിന്നാലെ ആയിരുന്നു പിത്രോദ രാജി സമര്‍പ്പിച്ചത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പിത്രോദയുടെ രാജി സ്വീകരിക്കുകയും ചെയ്തിരുന്നു.