വിചാരണയ്ക്കിടെ പീഡന പരാതിയില്‍ മൊഴി മാറ്റി; യുവാവ് ജയിലില്‍ കിടന്ന അത്രയും കാലം പരാതിക്കാരിയ്ക്കും തടവ്

ലഖ്‌നൗവില്‍ പീഡനക്കേസില്‍ വ്യാജ മൊഴി നല്‍കിയ യുവതിയ്ക്ക് നാലര വര്‍ഷം തടവുശിക്ഷ വിധിച്ച് കോടതി. കേസില്‍ യുവതി വ്യാജ മൊഴി നല്‍കിയതിനെ തുടര്‍ന്ന് പ്രതി സ്ഥാനത്തുണ്ടായിരുന്ന യുവാവ് നാലര വര്‍ഷം തടവ് ശിക്ഷ അനുഭവിച്ചിരുന്നു. ഇതേ കാലയളവ് മൊഴി മാറ്റി പറഞ്ഞ യുവതിയും തടവില്‍ കഴിയാനാണ് കോടതി വിധിച്ചത്.

2019ല്‍ യുവതി നല്‍കിയ പീഡന പരാതിയാണ് കേസിന് അടിസ്ഥാനം. യുവാവ് തന്നെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന പരാതിയില്‍ അറസ്റ്റ് ചെയ്ത യുവാവിനെ വിചാരണ തടവിന് വിധിച്ചു. കേസിന്റെ വിചാരണ തുടരുന്നതിനിടയിലാണ് യുവതി മൊഴി മാറ്റി പറഞ്ഞത്. ഇതോടെയാണ് വ്യാജ മൊഴി നല്‍കിയകതിന് യുവതിയെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയത്.

യുവതി മൊഴി മാറ്റിയതിന് പിന്നാലെ യുവാവിനെ ജയില്‍ മോചിതനാക്കിയിരുന്നു. തുടര്‍ന്ന് യുവാവ് ജയിലില്‍ കഴിഞ്ഞ 1653 ദിവസം അതായത് നാല് വര്‍ഷവും ആറ് മാസവും എട്ടു ദിവസവും 21കാരിയായ യുവതിയും തടവില്‍ കഴിയാന്‍ കോടതി ഉത്തരവിട്ടു. ഇതിന് പുറമേ 5.88ലക്ഷം രൂപ കോടതി പിഴ ചുമത്തിയിട്ടുണ്ട്.

Read more

പിഴ ഒടുക്കാത്ത പക്ഷം ആറ് മാസം അധിക തടവ് അനുഭവിക്കണം. തടവില്‍ കഴിഞ്ഞിരുന്ന കാലത്ത് യുവാവിനുണ്ടായ സാമ്പത്തിക നഷ്ടത്തിന് പരിഹാരമായാണ് കോടതി പിഴ ഉള്‍പ്പെടുത്തി വിധി പ്രസ്താവിച്ചത്.