6 വര്‍ഷത്തിന് ശേഷമുള്ള ആദ്യ നിയമസഭാ സമ്മേളനത്തില്‍ തന്നെ കോലാഹലം; ജമ്മു കശ്മീരില്‍ ആര്‍ട്ടിക്കള്‍ 370നെ ചൊല്ലി സഭ കലുഷിതം; അടി 'മുന്‍ സഖ്യകക്ഷികള്‍ക്ക്' ഇടയില്‍

ആറ് വര്‍ഷത്തിന് ശേഷം ചേര്‍ന്ന ജമ്മു കശ്മീര്‍ നിയമസഭയുടെ ആദ്യ സെഷനില്‍ തന്നെ ചേരി തിരിഞ്ഞുള്ള കോലാഹലം. ആര്‍ട്ടിക്കള്‍ 370 റദ്ദാക്കിയതിന് ശേഷം അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ജമ്മു കശ്മീരില്‍ തിരഞ്ഞെടുപ്പ് നടന്നതും പുതിയതായി സര്‍ക്കാര്‍ അധികാരത്തിലേറിയതും. ഒമര്‍ അബ്ദുള്ളയുടെ നേതൃത്വത്തിലുള്ള നാഷണല്‍ കോണ്‍ഫറന്‍സിന്റെ സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷമുള്ള ആദ്യ നിയമസഭാ സമ്മേളനമാണ് തുടക്കത്തിലെ ബഹളത്തില്‍ കലാശിച്ചത്.

ജമ്മുവില്‍ ആര്‍ട്ടിക്കള്‍ 370 റദ്ദാക്കുന്നതിന് മുമ്പ് സഖ്യകക്ഷികളായി സംസ്ഥാനം ഭരിച്ച പിഡിപിയും ബിജെപിയുമാണ് ചേരി തിരിഞ്ഞ് നിയമസഭ സമ്മേളനത്തിന്റെ ആദ്യ ദിനം തന്നെ ബഹളമയമാക്കിയത്. 2019 ഓഗസ്റ്റില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെതിരെ പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി എംഎല്‍എ വാഹിദ് പര അടിയന്തര പ്രമേയം അവതരിപ്പിക്കാന്‍ നോട്ടീസ് നല്‍കിയതാണ് സഭയെ ബഗഹളത്തിലാക്കിയത്. അത്തരമൊരു അടിയന്തര പ്രമേയം താന്‍ ഇതുവരെ അംഗീകരിച്ചിട്ടില്ലെന്നും അവതരണാനുമതി നല്‍കിയിട്ടില്ലെന്നും ഭരണകക്ഷിയായ നാഷണല്‍ കോണ്‍ഫറന്‍സിന്റെ സ്പീക്കര്‍ റഹീം റാതര്‍ ആവര്‍ത്തിച്ച് പറഞ്ഞിട്ടും ഭാരതീയ ജനതാ പാര്‍ട്ടി എംഎല്‍എമാര്‍ പരയുടെ പ്രമേയത്തെ എതിര്‍ത്തു സഭ കലാപ അന്തരീക്ഷമാക്കുകയായിരുന്നു.

ബിജെപി നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ വിവാദ നീക്കത്തിലൂടെ അഞ്ച് വര്‍ഷം മുമ്പ് ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത് ജമ്മു കശ്മീര്‍ താഴ്വരയിലെ രാഷ്ട്രീയ പാര്‍ട്ടികളുടെയും രാഷ്ട്രീയക്കാരുടെയും ശക്തമായ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ആര്‍ട്ടിക്കിള്‍ 370 ബിജെപി പുനഃസ്ഥാപിക്കുമെന്ന് പ്രതീക്ഷിക്കുന്നത് ‘വിഡ്ഢിത്തം’ ആണെന്ന് നേരത്തെ പറഞ്ഞ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള ഇത്തരത്തിലൊരു പ്രമേയം വരുമെന്ന് തനിക്ക് തോന്നിയിരുന്നുവെന്ന് പ്രതികരിച്ചു.

‘2019 ഓഗസ്റ്റ് 5-ന് എടുത്ത തീരുമാനം ജമ്മു കശ്മീരിലെ ജനങ്ങള്‍ അംഗീകരിക്കുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. അവര്‍ അംഗീകരിച്ചിരുന്നെങ്കില്‍ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ മറ്റൊന്നാകുമായിരുന്നു. സഭ ആര്‍ട്ടിക്കള്‍ 370 സംബന്ധിച്ച കാര്യങ്ങളെ എങ്ങനെ പ്രതിഫലിപ്പിക്കണമെന്നും ചര്‍ച്ച ചെയ്യണമെന്നും ഏതെങ്കിലും ഒരു അംഗമല്ല തീരുമാനിക്കേണ്ടത്. ഇന്ന് കൊണ്ടുവന്ന പ്രമേയത്തിന് ഒരു പ്രാധാന്യവുമില്ല, ഇത് ക്യാമറകള്‍ക്ക് വേണ്ടി മാത്രം കൊണ്ടുവന്നതാണ്. അതിനു പിന്നില്‍ എന്തെങ്കിലും നേരായ ഉദ്ദേശം ഉണ്ടായിരുന്നെങ്കില്‍ അവര്‍ ഞങ്ങളോട് ഇക്കാര്യം നേരത്തെ ചര്‍ച്ച ചെയ്യുമായിരുന്നു.

ഇങ്ങനെയാണ് പിഡിപിയുടെ പ്രമേയ സമീപനത്തെ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള പ്രഹസനമായി വിലയിരുത്തിയത്. ആര്‍ട്ടിക്കിള്‍ 370 ജമ്മു കശ്മീരിന് പ്രത്യേക പദവിയും പ്രത്യേകാവകാശങ്ങളും നല്‍കിയിരുന്നു. ഇത് റദ്ദാക്കിയതിന് ശേഷം കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിച്ചു – ജമ്മു കശ്മീര്‍ എന്നും ലഡാക്ക് എന്നും.  ആര്‍ട്ടിക്കിള്‍ 370 പുനഃസ്ഥാപിക്കുന്നത് കഴിഞ്ഞ മാസത്തെ തിരഞ്ഞെടുപ്പിലെ പ്രധാന വോട്ട് രാഷ്ട്രീയഅജണ്ടയായിരുന്നു. പിഡിപി-ബിജെപി സര്‍ക്കാര്‍ തകരുകയും രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുകയും ചെയ്തതിന് ശേഷം ഒരു ദശാബ്ദത്തിനിടെ ജമ്മു കശ്മീരില്‍ നടന്ന ആദ്യ തിരഞ്ഞെടുപ്പായിരുന്നു കഴിഞ്ഞ മാസത്തേത്. ഒക്ടോബര്‍ എട്ടിന് നടന്ന തിരഞ്ഞെടുപ്പില്‍ എന്‍സി-കോണ്‍ഗ്രസ് സഖ്യം വിജയിച്ചു. എന്‍സിക്ക് പിന്തുണ ആവശ്യമില്ലാത്ത തരത്തില്‍ ഏറ്റവും വലിയ ഒറ്റ കക്ഷിയായി അവര്‍ മാറി. 90 സീറ്റുകളില്‍ 42 എണ്ണമാണ് ഒമര്‍ അബ്ദുള്ളയുടെ പാര്‍ട്ടി തൂത്തുവാരിയത്. വിജയത്തിന് പിന്നാലെയാണ് ആര്‍ട്ടിക്കിള്‍ 370 എടുത്തുകളഞ്ഞ ആളുകള്‍ അത് പുനഃസ്ഥാപിക്കുമെന്ന് പ്രതീക്ഷിക്കുന്നത് വിഡ്ഢിത്തമായിരിക്കുമെന്നാണ് ഒമര്‍ അബ്ദുള്ള പറഞ്ഞത്. ആര്‍ട്ടിക്കിള്‍ 370-നെക്കുറിച്ചോ ആര്‍ട്ടിക്കിള്‍ 370 ഇപ്പോള്‍ ഞങ്ങള്‍ക്ക് ഒരു പ്രശ്‌നമല്ലെന്നോ ഞങ്ങള്‍ ഒരിക്കലും പറഞ്ഞിട്ടില്ലെന്നും ഇക്കാര്യത്തില്‍ എന്‍സിയുടെ നിലപാടില്‍ മാറ്റമില്ലെന്ന് ഒമര്‍ അബ്ദുള്ള ഊന്നിപ്പറഞ്ഞിരുന്നു.