പൊളിറ്റിക്കൽ സയൻസ് പരീക്ഷാ പേപ്പറിൽ രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെയും (ആർഎസ്എസ്) അതിന്റെ വിദ്യാർത്ഥി വിഭാഗമായ അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്തിന്റെയും (എബിവിപി) അംഗങ്ങൾക്കെതിരെ “ആക്ഷേപാർഹമായ” ചോദ്യം ഉൾപ്പെടുത്തി എന്ന് ആരോപിച്ച് എബിവിപി നടത്തിയ പ്രതിഷേധത്തെ തുടർന്ന് പ്രൊഫസർക്ക് ആജീവനാന്ത വിലക്ക് നൽകി ചൗധരി ചരൺ സിംഗ് സർവകലാശാല.
സർക്കാർ നിയന്ത്രണത്തിലുള്ള കോളേജിലെ പൊളിറ്റിക്കൽ സയൻസ് വിഭാഗം മേധാവി പ്രൊഫസർ ഡോ. സീമ പൻവാറാണ് ഏപ്രിൽ 2 ന് നടന്ന വിവാദമായ രണ്ടാം സെമസ്റ്റർ പരീക്ഷയുടെ സെറ്ററായി ഉണ്ടായിരുന്നത്. പരീക്ഷാ പേപ്പറിൽ ആർഎസ്‌എസിനെ മതപരവും ജാതി അടിസ്ഥാനമാക്കിയുള്ളതുമായ രാഷ്ട്രീയത്തിന്റെ ഉയർച്ചയുമായി ബന്ധിപ്പിക്കുന്ന ഒരു ചോദ്യമുണ്ടായിരുന്നുവെന്നും നക്സലൈറ്റുകളുടെയും ജമ്മു കശ്മീർ ലിബറേഷൻ ഫ്രണ്ടിന്റെയും (ജെകെഎൽഎഫ്) അതേ രീതിയിൽ സംഘടനയെ പരാമർശിച്ചതായും റിപ്പോർട്ടുണ്ട്.
Read more
“ഒരു ആഭ്യന്തര അന്വേഷണത്തിൽ ചോദ്യപേപ്പറിന്റെ രചയിതാവ് അവരാണെന്ന് സ്ഥിരീകരിച്ചു. സർവകലാശാലയിലെ എല്ലാ പരീക്ഷകളിൽ നിന്നും മൂല്യനിർണ്ണയ ജോലികളിൽ നിന്നും അവരെ ആജീവനാന്ത വിലക്കിയിരിക്കുന്നു.” സിസിഎസ്‌യു രജിസ്ട്രാർ ധീരേന്ദ്ര കുമാർ വർമ്മ പറഞ്ഞു. ഏപ്രിൽ 5 ന് എബിവിപി അംഗങ്ങൾ നടത്തിയ കാമ്പസ് പ്രതിഷേധത്തിന് മണിക്കൂറുകൾക്കുള്ളിലാണ് നടപടി സ്വീകരിച്ചത്. പൻവാറിനെ “ദേശസ്നേഹമുള്ള ഒരു സംഘടനയെ” അപകീർത്തിപ്പെടുത്തിയെന്ന് ആരോപിച്ചും ഉടനടി ശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ടും സംഘം രജിസ്ട്രാർക്ക് ഒരു മെമ്മോറാണ്ടവും സമർപ്പിച്ചിരുന്നു.