ബുദ്ധമതത്തെ നശിപ്പിക്കാന്‍ ചൈന ആസൂത്രിതമായി ശ്രമിക്കുന്നു; പത്മസംഭവ പ്രതിമ തകര്‍ത്തതിന് എതിരെ രൂക്ഷവിമര്‍ശനവുമായി ദലൈ ലാമ

ബുദ്ധമതത്തെ നശിപ്പിക്കാന്‍ ചൈന ആസൂത്രിതമായി ശ്രമിക്കുന്നുവെന്ന് ടിബറ്റന്‍ ആത്മീയാചാര്യന്‍ ദലൈ ലാമ. ചൈനയിലും ബുദ്ധമതത്തില്‍ വിശ്വസിക്കുന്ന ധാരാളം ആളുകള്‍ ഉണ്ട്. ആരെങ്കിലും ദ്രോഹിക്കുന്നത് ആരുടെയും മതത്തെ അപകടത്തിലാക്കില്ല. ഇന്നും ചൈനയിലെ ബുദ്ധമത അനുയായികള്‍ ബുദ്ധനു മുന്നില്‍ പ്രാര്‍ഥിക്കുന്നുണ്ട്. ബുദ്ധമതത്തെ തകര്‍ക്കാന്‍ ചൈന സാധ്യമായതെല്ലാം ചെയ്തു. എങ്കിലും ബുദ്ധമതം ഇന്നു ലോകത്തിന് മുന്നില്‍ തിളങ്ങി നില്‍ക്കുന്നു.

കഴിഞ്ഞ വര്‍ഷം പത്മസംഭവ പ്രതിമ ചൈനീസ് സര്‍ക്കാര്‍ തകര്‍ത്തതിനെതിരെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ടാണ് ലാമ ഇക്കാര്യം പറഞ്ഞത്. കാലചക്ര ഗ്രൗണ്ടില്‍ പ്രാര്‍ഥത്ഥനക്കായി എത്തിയപ്പോഴാണ് അദേഹം ചൈനക്കെതിരെ വിമര്‍ശനം ഉയര്‍ത്തിയത്. കോവിഡില്‍ നിന്നും ആണവായുധങ്ങളില്‍ നിന്നും ലോകത്തെ മോചിപ്പിക്കുന്നതിനായാണ് താന്‍ പ്രാര്‍ത്ഥിക്കുന്നതെന്ന് അദേഹം പറഞ്ഞു. പരിപാടിയില്‍ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 30 ലക്ഷം രൂപയും ബിഹാര്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 20 ലക്ഷം രൂപയും ദലൈ ലാമ സംഭാവന ചെയ്തു.

ദലൈ ലാമയുടെ ബോധഗയയിലെ സന്ദര്‍ശന സ്ഥലത്തുനിന്ന് കഴിഞ്ഞ ദിവസം ചൈനീസ് ചാരവനിതയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ദലൈ ലാമയെ നിരീക്ഷിക്കുന്ന ജോലിയാണ് സോങ് സിയാലന്‍ എന്ന വനിത ചെയ്തുവന്നതെന്ന് ബിഹാര്‍ പൊലീസ് വെളിപ്പെടുത്തിയിരുന്നു.