ജമ്മുകശ്മീരിൽ സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ; ഭീകരരെ വളഞ്ഞ് സൈന്യം

ജമ്മു കശ്മീരിൽ സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. കുൽഗാമിലെ അധിഗാം ദേവ്സർ മേഖലയിലാണ് ഏറ്റുമുട്ടൽ. ഏറ്റുമുട്ടലിനൊടുവിൽ രണ്ട് ഭീകരരെ സൈന്യം വളഞ്ഞതായാണ് റിപ്പോർട്ട്. മേഖല സേന പൂർണമായും വളഞ്ഞിട്ടുണ്ട്. പ്രദേശത്ത് ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ സുരക്ഷാ സേന പരിശോധന നടത്തുന്നതിന് ഇടയിൽ ഭീകരർ വെടിവെക്കുകയായിരുന്നു.

ജമ്മു കശ്മീരിൽ പൊലീസും ഇന്ത്യൻ സേനയും സംയുക്തമായാണ് തീവ്രവാദ ഓപ്പറേഷൻ നടത്തുന്നത്. ഇതിനിടെയാണ് അധിഗാം ദേവ്സർ മേഖലയിൽ ഭീകരരുണ്ടെന്ന രഹസ്യവിവരം സംഘത്തിന് ലഭിക്കുന്നത്. അധിഗാം ദേവ്സർ മേഖലയിൽ ഏറ്റുമുട്ടൽ ആരംഭിച്ചതായി കശ്മീർ സോൺ പൊലീസ് എക്സിൽ കുറിച്ചിട്ടുണ്ട്.

നേരത്തെ, സെപ്റ്റംബർ 15ന് പൂഞ്ച് ജില്ലയിൽ ഭീകരരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടലുണ്ടായിരുന്നു. സെപ്റ്റംബർ 14ന് ബാരാമുള്ള ജില്ലയിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ ഒരു ഭീകരൻ കൊല്ലപ്പെട്ടിരുന്നു. കിഷ്ത്വാറിൽ ഡ്യൂട്ടിക്കിടെയുണ്ടായ വെടിവെയ്പ്പിൽ രണ്ട് സൈനികർ വീരമൃത്യു വരിച്ചിരുന്നു. ഇതേ തുടർന്നാണ് ഏറ്റുമുട്ടലുണ്ടായത്. സെപ്റ്റംബർ 11ന് ഉധംപൂർ ജില്ലയിലും സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടലുണ്ടായി.

അതേസമയം, ഒരു പതിറ്റാണ്ടിനിടെ ആദ്യമായി ജമ്മു കശ്മീരിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുകയാണ്. ഈ സാഹചര്യത്തിലാണ് ജമ്മു കശ്മീരിൽ ഇടയ്ക്കിടെ അക്രമ സംഭവങ്ങൾ അരങ്ങേറുന്നത്. മൂന്ന് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ആദ്യ രണ്ട് ഘട്ടങ്ങൾ സെപ്റ്റംബർ 18, 25 തീയതികളിലായി പൂർത്തിയായി. മൂന്നാമത്തെയും അവസാനത്തെയും ഘട്ടം ഒക്ടോബർ ഒന്നിന് നടക്കും. ഒക്ടോബർ എട്ടിനാണ് വോട്ടെണ്ണൽ.

Read more