താജ്മഹലിലെ അടച്ചിട്ട മുറികള്‍ തുറക്കേണ്ടതില്ല; ഹര്‍ജിക്കാരന് അലഹബാദ് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം

താജ്മഹലിലെ അടച്ചിട്ടിരിക്കുന്ന മുറികള്‍ തുറക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈദരാബാദ് ഹൈക്കോടതി തള്ളി. അടച്ചിട്ടിരിക്കുന്ന 22 മുറികള്‍ തുറക്കണം. താജ്മഹലിന് പിന്നിലെ ‘യഥാര്‍ത്ഥ ചരിത്രം’ അറിയാനായി അന്വേഷണ സംഘത്തെ നിയോഗിക്കണം എന്നും ആവശ്യപ്പെട്ട് ബി.ജെ.പിയുടെ സമൂഹമാധ്യമ ചുമതലയുള്ള രജനീഷ് സിങ് ആണ് ഹര്‍ജി സമര്‍പ്പിച്ചത്.

അടച്ചിട്ട മുറികളിലെ ഹിന്ദുൈദവങ്ങളുടെ സാന്നിധ്യം പരിശോധിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. ജസ്റ്റിസ് ഡി.കെ ഉപാധ്യായ, ജസ്റ്റിസ് സുഭാഷ് വിദ്യാര്‍ത്ഥി എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹര്‍ജി തള്ളിയത്. ഹര്‍ജിക്കാരനെ കോടതി രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. നാളെ നിങ്ങള്‍ ജഡ്ജിയുടെ ചേംബറിലെ മുറികള്‍ തുറക്കണമെന്ന് നിങ്ങള്‍ ആവശ്യപ്പെടുമോയെന്ന് കോടതി ചോദിച്ചു. പൊതുതാല്‍പര്യ ഹര്‍ജികളെ പരിഹസിക്കരുതെന്നും രണ്ടംഗ ബെഞ്ച് ചൂണ്ടിക്കാട്ടി.

ഹര്‍ജി തങ്ങള്‍ക്ക് ബോധ്യപ്പെട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി ഹര്‍ജിക്കാരനോട് ചരിത്രം പഠിക്കാനും ആവശ്യപ്പെട്ടു. ഗവേഷണം ചെയ്യൂ, എംഎയും പിഎച്ച്ഡിയും എടുക്കൂ. എന്നിട്ട് ഇത്തരത്തിലുള്ള വിഷയം എടുക്കൂ. ആ വിഷയത്തിലെ ഗവേഷണത്തില്‍ ആരെങ്കിലും തടസ്സം നില്‍ക്കുകയാണെങ്കില്‍ കോടതിയെ സമീപിക്കൂവെന്നും രണ്ടംഗ ബെഞ്ച് നിര്‍ദ്ദേശിച്ചു.

Read more

താജ്മഹല്‍ പഴയ ശിവക്ഷേത്രമാണെന്ന് ചില ചരിത്രകാരന്‍മാരും ഹിന്ദു സംഘടനകളും അവകാശവാദമുന്നയിച്ചിട്ടുണ്ടെന്നും ഹര്‍ജിയില്‍ പറഞ്ഞിരുന്നു. ആഗ്ര കോടതിയില്‍ സമാന കേസ് നിലവിലുണ്ട്. ലഖ്നൗ ബെഞ്ച് ഈ കേസ് പരിഗണിക്കേണ്ടതില്ലെന്നുമാണ് യുപി സര്‍ക്കാരിന്റെ നിലപാട്. തുടര്‍ന്ന് വിഷയത്തില്‍ സുപ്രീംകോടതിയെ സമീപിക്കുമെന്ന് ഹര്‍ജിക്കാരന്‍ വ്യക്തമാക്കി.