കോയമ്പത്തൂരില്‍ നടന്ന ചാവേര്‍ ആക്രമണവുമായി ബന്ധപ്പെട്ട സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ച് പൊലീസ്. സ്‌ഫോടനം നടന്ന ടൗണ്‍ ഹാളിനടുത്തുള്ള കോട്ടമേട് സംഗമേശ്വര്‍ ക്ഷേത്രത്തിന് സമീപത്തെ സിസിടിവി ദൃശ്യങ്ങളും കൊല്ലപ്പെട്ട ജമേഷ മുബിന്റെ വീട്ടിന് സമീപത്തെ ദൃശ്യങ്ങളുമാണ് ശേഖരിച്ചത്.
രാത്രി 11.45ന് സിസിടിവിയില്‍ റെക്കോര്‍ഡഡ് ആയ ദൃശ്യങ്ങളാണ് മുബിന്റെ വീട്ടിന് സമീപത്ത് നിന്ന് കിട്ടിയത്. ഈ ദൃശ്യങ്ങളില്‍ നാലു പേര്‍ കാറിനകത്തേക്ക് സാധനങ്ങള്‍ എടുത്തു വയ്ക്കുന്നത് പതിഞ്ഞിട്ടുണ്ട്. സ്‌ഫോടന സമയത്ത് പൊട്ടിത്തെറിച്ച ഗ്യാസ് സിലിണ്ടര്‍ ആകാം ഇതെന്നാണ് സൂചന. ദൃശ്യങ്ങളിലുള്ളവരെ തിരിച്ചറിഞ്ഞതായാണ് സൂചന. ഇവര്‍ക്കായി അന്വേഷണം തുടങ്ങിയിട്ടുണ്ട്.
കൊല്ലപ്പെട്ടത് ഉക്കടം സ്വദേശിയും എഞ്ചിനീയറിങ് ബിരുദധാരിയുമായ ജമേഷ മുബിനാണ് എന്ന് സ്ഥിരീകരിച്ചതിന് പിന്നാലെ ഉക്കടത്തെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയിരുന്നു.
Read more
പൊട്ടാസ്യം നൈട്രേറ്റ്, ചാര്‍കോള്‍, സള്‍ഫര്‍, അലുമിനിയം പൗഡര്‍ എന്നിവയാണ് ഇയാളുടെ വീട്ടില്‍ നിന്ന് കണ്ടെത്തിയത്. വലിയ സ്‌ഫോടനത്തിന് ഇയാള്‍ പദ്ധതി ഇട്ടിരുന്നുവെന്നാണ് പൊലീസിന്റെ നിഗമനം. കഴിഞ്ഞ ദിവസം രാത്രി വീട്ടില്‍ മുബിന്‍ തനിച്ചായിരുന്നില്ല എന്നും സിസിടിവി ദൃശ്യങ്ങളില്‍ കണ്ടവര്‍ ഇയാള്‍ക്കൊപ്പം ഉണ്ടായിരുന്നിരിക്കാമെന്നുമാണ് നിഗമനം.