കോയമ്പത്തൂര്‍ സ്‌ഫോടന കേസ്: പ്രതികള്‍ക്ക് എതിരെ യു.എ.പി.എ ചുമത്തി

കോയമ്പത്തൂര്‍ സ്‌ഫോടനക്കേസില്‍ പിടിയിലായവര്‍ക്കെതിരെ യുഎപിഎ ചുമത്തി. പ്രതികളെയെല്ലാം തിരിച്ചറിഞ്ഞെന്ന് കമ്മീഷണര്‍ വി ബാലകൃഷ്ണന്‍ പറഞ്ഞു. സ്‌ഫോടനത്തിന് ഉയോഗിച്ച കാറ് 10 തവണ കൈമറിഞ്ഞെത്തിയതാണ്. അന്വേഷണ സംഘം വിപുലീകരിക്കും. കൂടുതല്‍ സ്ഥലങ്ങളില്‍ പരിശോധന നടത്തുമെന്നും കേസില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോയെന്ന് അന്വേഷിക്കുമെന്നും കമ്മീഷണര്‍ പറഞ്ഞു.

അതേസമയം കൊല്ലപ്പെട്ട ജമേഷ മുബീന്‍ ലക്ഷ്യമിട്ടതു ശ്രീലങ്കയിലെ ഈസ്റ്റര്‍ദിന ചാവേര്‍സ്‌ഫോടനത്തിനു സമാനരീതിയിലുള്ള ആക്രമണമായിരുന്നുവെന്ന് പൊലീസിനു വിവരം കിട്ടി. കേസില്‍ നിരോധിതസംഘടനയായ അല്‍ ഉമ്മയുടെ സ്ഥാപകന്‍ പാഷയുടെ സഹോദരപുത്രന്‍ അടക്കം അഞ്ചുപേരാണ് ഇതുവരെ അറസ്റ്റിലായത്.

ഫിറോസ് ഇസ്മയില്‍, മുഹമ്മദ് ധല്‍ക്ക, മുഹമ്മദ് റിയാസ്, മുഹമ്മദ് അസ്ഹറുദ്ദീന്‍ എന്നിവരാണ് പിടിയിലായത്. എല്ലാവരും കോയമ്പത്തൂര്‍ ജി.എം.നഗര്‍, ഉക്കടം സ്വദേശികളാണ്. ഇതില്‍ മുഹമ്മദ് ധല്‍ക്കയാണ് ബാഷയുടെ സഹോദരപുത്രന്‍.

സ്‌ഫോടക വസ്തുക്കള്‍ ശേഖരിച്ചതിലും സ്‌ഫോടനത്തിന്റെ ആസൂത്രണത്തിലും പങ്കുണ്ടെന്ന് പ്രാഥമികമായിത്തന്നെ വ്യക്തമായതോടെയാണ് ഇവരെ അന്വേഷണസംഘം അറസ്റ്റ് ചെയ്തത്.