'മണിപ്പൂരിലെ സംഘർഷം പരിഹരിക്കണം, പ്രധാനമന്ത്രി സംസ്ഥാനം സന്ദർശിച്ചിട്ടില്ല എന്നത് ആശങ്കാജനകം'; രാഹുൽ ഗാന്ധി

മണിപ്പൂരിലെ കോൺഗ്രസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തി ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. മണിപ്പൂരിലെ സംഘർഷം പരിഹരിക്കണമെന്നും മണിപ്പൂരിലെ ജനങ്ങൾ സമാധാനവും സ്ഥിരതയും അർഹിക്കുന്നുവെന്നും രാഹുൽ ഗാന്ധി ഫേസ്ബുക്കിൽ കുറിച്ചു.

മണിപ്പൂരിലെ വിവിധ സമുദായങ്ങളിൽ നിന്നുള്ള കോൺഗ്രസ് നേതാക്കളുമായി താൻ പാർലമെന്റിൽ കൂടിക്കാഴ്ച നടത്തിയെന്നും രാഹുൽ ഗാന്ധി അറിയിച്ചു. ഏകദേശം രണ്ട് വർഷത്തെ അക്രമത്തിനും രാഷ്ട്രപതി ഭരണത്തിനും ശേഷവും പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതുവരെയും മണിപ്പൂർ സംസ്ഥാനം സന്ദർശിച്ചിട്ടില്ല എന്നത് വളരെയധികം ആശങ്കാജനകമാണെന്നും രാഹുൽ ഗാന്ധി കുറിച്ചു.

അതേസമയം മണിപ്പൂരിലെ ജനങ്ങൾ സമാധാനവും സ്ഥിരതയും അർഹിക്കുന്നുവെന്നും ഈ പ്രതിസന്ധിക്ക് ശാശ്വത പരിഹാരം ആഗ്രഹിക്കുന്നതിൽ ഓരോ ഇന്ത്യക്കാരനും ഐക്യത്തോടെ നിലകൊള്ളുന്നുവെന്നും രാഹുൽ ഗാന്ധി കുറിച്ചു. ഈ സംഘർഷം പരിഹരിക്കുക എന്നത് നമ്മുടെ ദേശീയ മുൻഗണനയായിരിക്കണമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.