കൈ പിടിച്ച് കർണാടക; തിളക്കമാർന്ന വിജയവുമായി കോൺഗ്രസ്, ആത്മവിശ്വാസം ഉയർത്തിയ തിരിച്ചുവരവ്

ഒരു നിയമസഭാ തിരഞ്ഞെടുപ്പ് മാത്രമായല്ല വർഗീയ രാഷ്ട്രീയത്തോടുള്ള ജനാധിപത്യത്തിന്റെ പോരാട്ടമായാണ്  ഇത്തവണ കർണാടക തിര‍ഞ്ഞെടുപ്പിനെ രാജ്യം കണ്ടത്. അധികാരം നിലനിർത്താൻ ബിജെപിയും, തിരിച്ചുവരവിനൊരുങ്ങി കോൺഗ്രസും , സംസ്ഥാനത്തിന്റെ ഭരണചക്രം തിരിക്കാൻ ജെഡിഎസും ഒപ്പത്തിനൊപ്പം പോരാടിയ തിരഞ്ഞെടുപ്പാണ് കർണാടകയിൽ നടന്നത് സംസ്ഥാനത്തെ 224 നിയമസഭാ മണ്ഡലങ്ങളിൽ നടന്ന തിരഞ്ഞെടുപ്പിൽ 135 സീറ്റുകൾ നേടി കോൺഗ്രസ് തിളക്കമാർന്ന വിജയം നേടിയപ്പോൾ ബിജെപി 66 സീറ്റിലേക്ക് ചുരുങ്ങുകയായിരുന്നു. 19 സീറ്റുകളാണ് ജെഡിഎസിന് ലഭിച്ചത്. മറ്റുള്ളവർക്ക് മൂന്നും. ജെഡിഎസ് പിന്തുണയോടെ ബാഗേപ്പള്ളിയിൽ മത്സരിച്ച സിപിഎമ്മിനും കാര്യമായ നേട്ടമുണ്ടാക്കാൻ കഴിഞ്ഞില്ല. ഇവിടെയും കോൺഗ്രസ് തന്നെ വിജയിച്ചു.

കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം രാജസ്ഥാന് ശേഷം മറ്റൊരു വലിയ സംസ്ഥാനത്ത് ഭരണം ലഭിക്കുക എന്നത് ജീവവായു പോലെയാണ്. അതുകൊണ്ട് കർണാടകയിലെ തരിച്ചുവരവ് രാജ്യത്തെ മുഴുവൻ കോൺഗ്രസ് പ്രവർത്തകർക്കും ആത്മവിശ്വാസം നൽകുമെന്ന പ്രതീക്ഷയിലായിരുന്നു കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണം. കോ​ൺ​ഗ്ര​സി​നു വേ​ണ്ടി ക​ർ​ണാ​ട​ക യി​ൽ നി​ന്നു​ള്ള നേ​താ​വു കൂ​ടി​യാ​യ ദേ​ശീ​യ അ​ദ്ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ‌, രാ​ഹു​ൽ ഗാ​ന്ധി, പ്രി​യ​ങ്ക ഗാ​ന്ധി എന്നിവർ കളത്തിലിറങ്ങി.

2019-നു​ശേ​ഷം ആ​ദ്യ​മാ​യി സോ​ണി​യ ഗാ​ന്ധി പ്ര​ചാ​ര​ണ​ത്തി​നെ​ത്തി​യ​തും കോൺഗ്രസ് കർണാടക തിരഞ്ഞെടുപ്പിന് നൽകുന്ന പ്രധാന്യം വ്യക്തമാക്കുന്നുണ്ട്. പിസിസി അദ്ധ്യക്ഷനായ ഡികെ ശിവകുമാർ സ്വന്തം മണ്ഡലത്തിലെ പ്രചാരണം മാറ്റിവെച്ച് പാർട്ടിക്കായി പൊതു പ്രചാരണത്തിൽ സജീവമായി.ഡികെ നയിച്ച പ്രചാരണത്തിൽ ദേശീയ നേതാക്കൾ ഉൾപ്പെടെ സജീവമായതോടെ കർണാടകയിലെ ജനങ്ങൾ കോൺഗ്രസിനോട് കൈകോർത്തു. അതേ സമയം ഡികെയുടെ കനകപുര മണ്ഡലം ഒരു ലക്ഷത്തിലധികം ഭൂരിപക്ഷം വോട്ടുകളിലൂടെ അദ്ദേഹത്തെ ചേർത്തു പിടിച്ചു.ഒപ്പം കോൺഗ്രസിനേയും.

മോദിതരംഗം ഉയർത്തി ബിജെപി പതിവുപോലെ വോട്ടർമാരെ ആകർഷിക്കാൻ ശ്രമിച്ചപ്പോൾ.ബി​ജെ​പി സ​ർ​ക്കാ​രി​നെ​തി​രാ​യ അ​ഴി​മ​തി​യാ​രോ​പ​ണ​ങ്ങ​ളി​ലൂ​ന്നി​യാ​യി​രു​ന്നു കോ​ൺ​ഗ്ര​സ് പ്ര​ചാ​ര​ണം.സംവരണവും, മുസ്ലിം വിരുദ്ധതയും, ഹിജാബ് നിരോധനവുമെല്ലാം ആയുധമാക്കി ബിജെപി വർഗീയ രാഷ്ട്രീയത്തിന്റെ വിഷവിത്തുകൾ എറിഞ്ഞപ്പോൾ അതിനെ ഫലപ്രദമായി പ്രതിരോധിക്കാൻ‌ ഡികെ ശിവകുമാറിന്റെ നേതൃത്വത്തിലറങ്ങിയ കോൺഗ്രസിന്റെ സൈന്യത്തിന് കഴിഞ്ഞു.

പോ​പ്പു​ല​ർ ഫ്ര​ണ്ടി​നെ​യും ബ​ജ്റം​ഗ് ദ​ളി​നെ​യും നി​രോ​ധി​ക്കു​മെ​ന്ന കോ​ൺ​ഗ്ര​സി​ന്‍റെ പ്ര​ക​ട​നപ​ത്രി​ക​യി​ലെ വാ​ഗ്ദാ​ന​ത്തോ​ടെ കാര്യങ്ങൾ അൽപം വഴിമാറിയിരുന്നു. അത് ബിജെപി ആയുധമാക്കുകയും ചെയ്തു. അത് തിരിച്ചറിഞ്ഞ് കോൺഗ്രസ് പിന്നീട് സംയമനം പാലിക്കുകയായിരുന്നു. അതിനിടെ ‘” കര്‍ണാടകത്തിന്റെ സല്‍പ്പേരിനും പരമാധികാരത്തിനും അഖണ്ഡതയ്ക്കും കളങ്കം വരുത്താന്‍ കോണ്‍ഗ്രസ് ആരേയും അനുവദിക്കില്ല'” എന്ന സോണിയ ഗാന്ധിയുടെ പ്രസ്താവന വീണ്ടും കോൺഗ്രസിന് തലവേദയായി. എന്നാൽ അതൊന്നും ഒരു മാറ്റത്തിന് വേണ്ടി ചിന്തിച്ച കർണാടകയിലെ ജനങ്ങളെ പിന്തിരിപ്പിച്ചില്ല എന്നതാണ് തിരഞ്ഞെടുപ്പു ഫലം വ്യക്തമാക്കുന്നത്.

രാഹുൽഗാന്ധിയുടെ നേതൃത്വത്തിൽ നടന്ന ഭാരത് ജോഡോ യാത്ര കർണാടകയിലെ 51 മണ്ഡലങ്ങളിലൂടെ കടന്നു പോയിരുന്നു. ഈ മണ്ഡലങ്ങളിൽ 36 ഇടത്തും കോൺഗ്രസിന് വിജയം നേടാനായ് എന്നത് തന്നെ ജനങ്ങൾ കോൺഗ്രസിനെ, രാഹുലിനെ വിശ്വസിക്കുന്നു എന്നതിന് തെളിവാണ്.

മോദി തരംഗം ഉയർത്താൻ ശ്രമിച്ച് ശക്തമായ പ്രചാരണത്തിന് സംസ്ഥാനത്ത് ബിജെപി നേതൃത്വം നൽകിയപ്പോൾ. ഒപ്പത്തിനൊപ്പം നിന്ന പ്രചാരണം ശക്തിപ്പെടുത്തിയ കോൺഗ്രസിന് സാദ്ധ്യത കൽപ്പിക്കുകയായിരുന്നു  അഭിപ്രായ സർവേകൾ. ലോക് പോൾ സർവേ പ്രകാരം കോൺഗ്രസിന് 128 മുതൽ 131 വരെ സീറ്റുകൾ ലഭിക്കുമെന്നായിരുന്നു പ്രവചനം. എബിപി ന്യൂസ് -സീ വോട്ടർ പുറത്തുവിട്ട സർവേ ഫലത്തിലും കോൺഗ്രസിനായിരുന്നു മുൻതൂക്കം. ബിജെപി രണ്ടാം സ്ഥാനത്തും ജെഡിഎസ് മൂന്നാമതുമാണ് സർവേകളിൽ കാണിച്ചിരുന്നത്.

Read more

അഭിപ്രായ സർവേകളെ അന്വർത്ഥമാക്കുന്ന തരത്തിൽ കർണാടകയിലെ ജനങ്ങൾ കോൺഗ്രസിനൊപ്പം നിന്ന് വിധിയെഴുതി. ബിജെപി നിരത്തിയ വർഗീയ അജണ്ടകൾക്ക് പിടി കൊടുക്കാതെ ദക്ഷിണേന്ത്യയിലെ ഒരു സംസ്ഥാനം കൂടി പ്രതിരോധം തീർക്കുകയായിരുന്നു ഈ തിര‍ഞ്ഞെടുപ്പിലൂടെ. അതോടെ ബിജെപിയെ ദക്ഷിണേന്ത്യ കൈവെടിഞ്ഞു. ഈ ആവേശം കാത്തു സൂക്ഷിക്കാൻ കോൺഗ്രസിനായാൽ, കർണാടകയിലെ ജനങ്ങളെപ്പോലെ മറ്റ് സംസ്ഥാനത്തെ ജനങ്ങളും മാറി ചിന്തിച്ചാൽ അടുത്ത ലോക്സഭാ തിര‍ഞ്ഞെടുപ്പിൽ രാജ്യം വർഗീയ രാഷ്ട്രീയത്തിൽ നിന്നും മോചിപ്പിക്കപ്പെടും.