കോണ്‍ഗ്രസിന്റെ ചിന്തന്‍ ശിബിരിന് നാളെ തുടക്കം; കബില്‍ സിബല്‍ വിട്ടുനില്‍ക്കും

രാജസ്ഥാനിലെ ഉദയ്പൂരില്‍ നാളെ ആരംഭിക്കുന്ന കോണ്‍ഗ്രസിന്റെ ചിന്തന്‍ ശിബിരില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ പങ്കെടുത്തേക്കില്ല. ചിനതന്‍ ശിബിരില്‍ നിന്ന് വിട്ടുനില്‍ക്കുന്നതിന്റെ കാരണം അദ്ദേഹം വ്യക്തമാക്കിയിട്ടില്ല. പ്രവര്‍ത്തന രീതി അടിമുടി മാറ്റാന്‍ ഉദയ്പൂര്‍ ശിബിരിന് കഴിയുമെന്നാണ് പാര്‍ട്ടി പ്രതീക്ഷിക്കുന്നത്.മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന പരിപാടിയില്‍ പുതു നയരൂപീകരണത്തിന് രണ്ട് ദിവസം ചര്‍ച്ചനടത്തും. ശേഷം ചേരുന്ന പ്രവര്‍ത്തകസമിതി, തീരുമാനങ്ങള്‍ അംഗീകരിച്ച് പ്രഖ്യാപിക്കും.

പാര്‍ലമെന്ററി ബോര്‍ഡ് ഇല്ലാതാകുകയും അധികാരം ഹൈക്കമാന്‍ഡില്‍ മാത്രം കേന്ദ്രീകരിക്കുകയും ചെയ്തത് സംഘടനയെ ദുര്‍ബലപ്പെടുത്തിയെന്നാണ് ഉപസമിതിയുടെ നിരീക്ഷണം. ഒരു കുടുംബത്തില്‍ നിന്നും ഒന്നിലേറെ പേര്‍ മത്സരിക്കുന്നത് കുടുംബാധിപത്യം എന്ന് മു്ദ്രകുത്താന്‍ എതിരാളികള്‍ക്ക് അവസരം നല്‍കുന്നു. ഹിന്ദുത്വ പ്രത്യയ ശാസ്ത്രത്തിന് കൃത്യമായ മറുപടി നല്‍കാന്‍ പാര്‍ട്ടിക്ക് കഴിയുന്നില്ലെന്നും നിരീക്ഷണമുണ്ട്. ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുകയാണ് ചിന്തന്‍ ശിബിരിന്റെ ലക്ഷ്യം.

സംഘടന രംഗത്ത് സമഗ്രമായ മാറ്റം, പുതിയ ആശയങ്ങളുമായി തിരഞ്ഞെടുപ്പിനെ നേരിടല്‍ എന്നിവയാണ് 13 മുതല്‍ 15 വരെ രാജസ്ഥാനിലെ ഉദയ്പൂരില്‍ നടക്കുന്ന ചിന്തന്‍ ശിബിരം ഉന്നമിടുന്നത്. ലോക്‌സഭാതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളെ ആറുമാസംമുമ്പ് തീരുമാനിക്കാനും അതിനനുസൃതമായി തയ്യാറെടുപ്പുകള്‍ നടത്താനും ഉള്‍പ്പെടെയുള്ള നിര്‍ദ്ദേശങ്ങള്‍ കോണ്‍ഗ്രസ് ചിന്തന്‍ ശിബിരത്തില്‍ അവതരിപ്പിക്കും. ഡിജിറ്റല്‍ , മാധ്യമരംഗത്ത് വന്‍ അഴിച്ചുപണിയ്ക്കും നിര്‍ദ്ദേശങ്ങളുണ്ട്.

Read more

ചിന്തന്‍ ശിബിര്‍ നിര്‍ദ്ദേശങ്ങള്‍
* തിരഞ്ഞെടുപ്പിന് ഏകോപനസമിതി.
* ബി.ജെ.പി. ഇതര പാര്‍ട്ടികളുമായുള്ള സഖ്യത്തില്‍ തീരുമാനത്തിന് പ്രത്യേകസമിതി.
* കേരളമാതൃകയില്‍ പ്രത്യേക രാഷ്ട്രീയകാര്യസമിതി.
* ശക്തിയുള്ള സംസ്ഥാനങ്ങള്‍ക്കും ഇല്ലാത്തവയ്ക്കും രണ്ടുതരം സമീപനം.
* വിജയസാധ്യതയുള്ള സീറ്റുകളില്‍ പ്രത്യേകശ്രദ്ധ.
* വര്‍ഷത്തില്‍ ഒരുതവണ ഫണ്ടുശേഖരണയത്നം. ഇതിനായി പ്രത്യേകസംവിധാനം.
* പാര്‍ലമെന്ററിബോര്‍ഡ് പുനരുജ്ജീവിപ്പിക്കല്‍.
* ജി.-‘3 മുന്നോട്ടുവെച്ച വിഷയങ്ങളിലും ചര്‍ച്ച.
* കോണ്‍ഗ്രസ് പാരമ്പര്യവും നേട്ടവും താഴെത്തട്ടില്‍ എത്തിക്കാന്‍ പ്രചാരണപരിപാടികള്‍.
* ജനകീയപ്രശ്നങ്ങളില്‍ മുന്നിട്ടിറങ്ങിയുള്ള പ്രവര്‍ത്തനം.
* ഭാരവാഹികള്‍ക്ക് പ്രവര്‍ത്തനഫലങ്ങളില്‍ ഉത്തരവാദിത്വം.
*പി.സി.സി., ഡി.സി.സി. ഭാരവാഹികള്‍ക്ക് നിശ്ചിതകാലയളവുവരെ കൂളിങ് ഓഫ് സമയം.
*കളങ്കിതരായവരെ സ്ഥാനാര്‍ഥിത്വത്തില്‍നിന്നൊഴിവാക്കല്‍.