കോൺഗ്രസ് പ്രവർത്തക സമിതി യോഗം ഇന്ന്; നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയവും ലോക്സഭാ തിരഞ്ഞെടുപ്പും ചർച്ചയാകും

കോൺഗ്രസ് പ്രവർത്തക സമിതി യോഗം ഇന്ന് മല്ലികാർജുൻ ഖാർഗെയുടെ അധ്യക്ഷതയിൽ ചേരും. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് ശേഷം ആദ്യമായി നടക്കുന്ന പ്രവർത്തക സമിതിയോഗം നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വിശദമായി വിലയിരുത്തും. ഇന്ന് മൂന്ന് മണിക്കാണ് യോഗം ചേരുക.

ലോക്സഭാ ഒരുക്കങ്ങളും ഇൻഡ്യ മുന്നണിയുമായി ബന്ധപ്പെട്ട് സ്വീകരിക്കേണ്ട തിരഞ്ഞെടുപ്പ് സഖ്യം സീറ്റ് ധാരണ തുടങ്ങിയ വിഷയങ്ങളിലെ പ്രാഥമിക ധാരണയും പ്രവർത്തക സമിതി ചർച്ച ചെയ്തേക്കും. കഴിഞ്ഞ ദിവസം ഡൽഹിയിൽ ചേർന്ന ഇൻഡ്യ മുന്നണി യോഗം കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയുടെ പേര് പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഉയർന്ന് വന്നിരുന്നു. ഈ സാഹചര്യത്തിൽ പ്രധാനമന്ത്രി സ്ഥാനവുമായി ബന്ധപ്പെട്ട് സ്വീകരിക്കേണ്ട നിലപാട് യോഗം ചർച്ച ചെയ്യുമെന്നാണ് സൂചന.

ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പായി രാഹുൽഗാന്ധിയുടെ നേത്യത്വത്തിൽ രണ്ടാം ഭാരത് ജോഡോ യാത്ര നടത്തുന്നതും യോഗം ചർച്ച ചെയ്തേക്കും. തൊഴിലില്ലായ്മയും വിലക്കയറ്റവും ഉയർത്തി യാത്ര നടത്താനാണ് ആലോചന. കോൺഗ്രസ് നടത്തുന്ന ക്രൗഡ് ഫണ്ടിങ് സംബന്ധിച്ചും യോഗത്തിൽ വിലയിരുത്തലുണ്ടാകും.

അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് രാജസ്ഥാൻ, ചത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളിൽ ഭരണം നഷ്ടമായിരുന്നു. മധ്യപ്രദേശിലും മിസോറാമിലും പ്രതീക്ഷിച്ച മുന്നേറ്റമുണ്ടാക്കാനും സാധിച്ചില്ല. തെലങ്കാനയിൽ ഭരണം നേടാൻ സാധിച്ചത് മാത്രമായിരുന്നു കോൺഗ്രസിന് നേട്ടമായത്. മധ്യപ്രദേശിലും രാജസ്ഥാനിലും പ്രതിപക്ഷ സഖ്യവുമായി സഹകരിക്കാത്തത് തിരിച്ചടിയായെന്ന് വിമർശനം നിലവിലുണ്ട്. ഇവയൊക്കെയും ഇന്നത്തെ യോഗത്തിൽ ചർച്ചചെയ്തേക്കും.