കോടതിയലക്ഷ്യ കേസ്; വിജയ് മല്യയ്ക്ക് നാല് മാസം തടവ്, 2000 രൂപ പിഴ

കോടതിയലക്ഷ്യ കേസില്‍ വ്യവസായി വിജയ് മല്യക്ക് തടവും പിഴയും വിധിച്ച് സുപ്രീംകോടതി. നാല് മാസം തടവ് ശിക്ഷയും രണ്ടായിരം രൂപ പിഴയുമാണ് വിധിച്ചിരിക്കുന്നത്. ജസ്റ്റിസ് യുയു ലളിത്, ജസ്റ്റിസ് രവീന്ദ്ര ഭട്ട്, ജസ്റ്റിസ് പി എസ് നരസിംഹ എന്നിവരടങ്ങിയ ബെഞ്ചാണ് കേസില്‍ വിധി പറഞ്ഞത്.

കോടതി ഉത്തരവ് ലംഘിച്ച് 2017ല്‍ മകള്‍ക്ക് 40 ദശലക്ഷം ഡോളര്‍ കൈമാറിയെന്ന കേസിലാണ് വിധി. ഈ തുക 4 ആഴ്ചകള്‍ക്കകം പലിശയടക്കം ചേര്‍ത്ത് തിരിച്ചടയ്ക്കാന്‍ കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇല്ലെങ്കില്‍ കണ്ടുകെട്ടല്‍ നടപടികളിലേക്ക് അധികൃതര്‍ക്ക് കടക്കാം എന്നും ഉത്തരവില്‍ പറയുന്നു.

കേസില്‍ മല്യ കുറ്റക്കാരനാണെന്ന് നേരത്തെ കോടതി കണ്ടെത്തിയിരുന്നു. ബാങ്ക് തട്ടിപ്പ് കേസില്‍ പ്രതിയായി രാജ്യം വിട്ട വിജയ് മല്യ നിലവില്‍ ബ്രിട്ടിനലാണ്. പ്രതിയുടെ അഭാവത്തിലാണ് കോടതി വിചാരണ പൂര്‍ത്തിയാക്കിയത്. 9000 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പാണ് വിജയ് മല്യയുടെ പേരിലുള്ളത്.

എസ്ബിഐ ഉള്‍പ്പെടെയുള്ള 13 ഇന്ത്യന്‍ ബാങ്കുകളില്‍ നിന്ന് വായ്പയെടുത്ത ശേഷം തുക തിരിച്ചടയ്ക്കാതെ രാജ്യസഭാ അംഗം കൂടിയായിരുന്ന വിജയ് മല്യ നാടുവിടുകയായിരുന്നു. 2016 മാര്‍ച്ച് 2നാണ് നാടുവിട്ടത്. ബ്രിട്ടനില്‍ മൂന്നു വര്‍ഷത്തെ കോടതി നടപടികള്‍ക്കു ശേഷം തുടര്‍ നടപടികള്‍ക്കായി ഇന്ത്യയിലേക്കു നാടുകടത്താന്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. നിലവില്‍ വിജയ് മല്യ ജാമ്യത്തിലാണ്.