വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു; ഇന്നു മുതല്‍ പുതുക്കിയ വില പ്രാബല്യത്തില്‍

രാജ്യത്തെ പാചക വാതക സിലിണ്ടറിന്‍റെ വില കുറഞ്ഞു. വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറിനാണ് വില കുറച്ചിരിക്കുന്നത്. കേരളത്തിൽ 188 രൂപ കുറഞ്ഞ് 2035 രൂപയായി. ഡൽഹിയിൽ 198 രൂപ കുറഞ്ഞ് 2021ആയി. ഇന്നു മുതല്‍ പുതുക്കിയ വില പ്രാബല്യത്തില്‍ വരും. നേരത്തെ 19 കിലോഗ്രാം എൽപിജി സിലിണ്ടറിന് 2219 രൂപയായിരുന്നു വില.

ജൂൺ ഒന്നിന് വാണിജ്യ എൽപിജി സിലിണ്ടറിന്‍റെ വില 135 രൂപ കുറച്ചിരുന്നു. എന്നാൽ ​ഗാ‍ർഹിക ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ല. രാജ്യത്തെ വിവിധ നഗരങ്ങളിലും ആനുപാതികമായി വിലക്കുറവ് നിലവിൽ വന്നിട്ടുണ്ട്. മുംബയിൽ 187 രൂപയും കൊൽക്കത്തയിൽ 182 രൂപയും കുറവുണ്ട്. ഗാർഹിക സിലിണ്ടറിന് മേയ് 19ന് നിശ്ചയിച്ച വില തന്നെ തുടരും.

മേയ് മാസത്തിൽ രണ്ട് തവണ ഗാർഹിക സിലിണ്ടറിന് വില കൂടിയിരുന്നു. മേയ് ഏഴിന് 50 രൂപ കൂടി. പിന്നാലെ മേയ് 19നും വ‌ർദ്ധിച്ചു. വാണിജ്യ ആവശ്യങ്ങൾക്കുള‌ള സിലിണ്ടറിനാകട്ടെ ജൂൺ മാസത്തിൽ 135 രൂപ കുറഞ്ഞിരുന്നു.

ഇതിന് പിന്നാലെയാണ് ഇന്നും വില കുറഞ്ഞത്. ഡൽഹിയിൽ രണ്ട് മാസത്തിനിടെ 330 രൂപയുടെ കുറവാണ് വാണിജ്യ സിലിണ്ടറിനുണ്ടായത്. മേയ് 19ന് 2354 ആയിരുന്നെങ്കിൽ ഇന്ന് 2021ആയാണ് വില താഴ്‌ന്നത്. പാചക വാതക വിലയിൽ ചാഞ്ചാട്ടമുണ്ടെങ്കിലും പെട്രോൾ, ഡീസൽ വിലയിൽ രാജ്യത്ത് കഴിഞ്ഞ ഒരുമാസത്തോളമായി വർദ്ധനയോ കുറവോ വരുത്തിയിട്ടില്ല.