കേസ് ഒത്ത് തീർപ്പാക്കാൻ കൈക്കൂലിയായി കൂളർ ആവശ്യപ്പെട്ടതിന് പൊലീസുകാരന് സസ്പെൻഷൻ. ഉത്തർപ്രദേശിലാണ് സംഭവം. പൊലീസ് ഉദ്യോഗസ്ഥനായ മനീഷ് കുമാർ പ്രജാപതി എന്ന ഉദ്യോഗസ്ഥനെയാണ് സസ്പെൻഡ് ചെയ്തത്. പരാതിയുമായെത്തിയ ഓം പ്രകാശ് ശർമ എന്നയാളോട് കൈക്കൂലി ആവശ്യപ്പെട്ടു എന്നാരോപിച്ച് നൽകിയ പരാതിയിലാണ് നടപടി.
കിഴക്കൻ ഉത്തർപ്രദേശിലെ മൗ ജില്ലയിലെ മധുബൻ സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥനാണ് മനീഷ് കുമാർ പ്രജാപതി. ഇയാൾ കൈക്കൂലിയായി കൂളറും 6,000 രൂപയുമാണ് ആവശ്യപ്പെട്ടത്. കത്ഘര ശങ്കർ വില്ലേജിൽ നിന്നുള്ള ഓം പ്രകാശ് ശർമ എന്നയാളോടാണ് മനീഷ് കുമാർ കൈക്കൂലി ആവശ്യപ്പെട്ടത്. സംഭവം പുറത്തായതോടെ മനീഷിനെ സസ്പെൻഡ് ചെയ്തു.
കൈക്കൂലി ചോദിച്ചതിന് പുറമെ തന്റെ ഭാര്യയോട് ഫോണിൽ കൂടി മനീഷ് കുമാർ മോശമായി സംസാരിച്ചെന്നും അപമാനിച്ചെന്നും പരാതിയിൽ പറയുന്നു. ഫോൺ സംഭാഷണത്തിന്റെ ശബ്ദരേഖയും പരാതിക്കൊപ്പം തെളിവായി നൽകിയിരുന്നു. തുടർന്ന് മധുബൻ സർക്കിൾ ഓഫീസർ അഭയ് കുമാർ സിംഗ് നടത്തിയ അന്വേഷണത്തിൽ പൊലീസ് ഉദ്യോഗസ്ഥനെതിരെയുള്ള ആരോപണങ്ങൾ ശരിയാണെന്ന് കണ്ടെത്തി. ഇതേ തുടർന്നാണ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തത്.
അതേസമയം യുപിയിൽ സമാനമായ മറ്റൊരു സംഭവത്തിൽ നേരത്തെ മോട്ടോര്‍ പൊലീസ് ഉദ്യോഗസ്ഥനെയും സസ്പെൻഡ് ചെയ്തിരുന്നു. ഉത്തർപ്രദേശിലെ കനൗജിൽ കൈക്കൂലിയായി ഉരുളക്കിഴങ്ങ് ആവശ്യപ്പെട്ട സബ് ഇൻസ്പെക്ടറെയാണ് സസ്പെൻഡ് ചെയ്തത്. രാം കൃപാൽ സിംഗ് എന്ന പൊലീസുകാരനെയാണ് സസ്പെൻഡ് ചെയ്തത്. ഒരു കേസ് ഒത്തുതീർപ്പാക്കാൻ വേണ്ടിയാണ് കൈക്കൂലിയായി 5 കിലോ ഉരുളക്കിഴങ്ങ് ആവശ്യപ്പെട്ടത്.